ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്ന് ജിഎസ്‌എല്‍വി എഫ് -17 വിക്ഷേപിച്ചു.ദൗത്യം വിജയിച്ചതോടെ വലിയൊരു തിരിച്ചുവരവാണ് ഐഎസ്‌ആർഒ നടത്തിയത്. നീണ്ട എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഐഎസ്‌ആർഒ വിജയ വഴിയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. സെപ്റ്റംബർ നാലിന് പുലർച്ചെ 2.55നായിരുന്നു വിക്ഷേപണം. അത്യാധുനിക ഭൗമ നിരീക്ഷണ ഉപഗ്രഹത്തെയാണ് ഈ ദൗത്യത്തിലൂടെ ബഹിരാകാശത്തേക്ക് അയച്ചത്.
വിക്ഷേപണത്തിനു മുന്നോടിയായി 52 മീറ്റർ ഉയരമുള്ള മൂന്നു ഘട്ടങ്ങളുള്ള ജിഎസ്‌എല്‍വി-എഫ്17 റോക്കറ്റ് വിക്ഷേപണത്തറയിലെത്തിച്ച് തയാറെടുപ്പുകള്‍ പൂർത്തിയാക്കിയിരുന്നു. 2,367 കിലോഗ്രാം ഭാരമുള്ള ഇഒഎസ്-05 ഉപഗ്രഹം പത്തു വർഷത്തെ ആയുസ് ലക്ഷ്യമിട്ടാണ് നിർമിച്ചിരിക്കുന്നത്. ഭൂമിയില്‍നിന്ന് ഏകദേശം 36,000 കിലോമീറ്റർ ഉയരത്തിലുള്ള ഭൂസ്ഥിര ഭ്രമണപഥത്തില്‍ പ്രവേശിപ്പിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ ഭൗമനിരീക്ഷണ ഇമേജിംഗ് ഉപഗ്രഹമാണിത്
സാധാരണ ഭൗമനിരീക്ഷണ ഉപഗ്രഹങ്ങള്‍ താഴ്ന്ന ഭ്രമണപഥങ്ങളില്‍ കറങ്ങുമ്പോള്‍ ഒരു നിശ്ചിത പ്രദേശത്തിന്റെ ദൃശ്യങ്ങള്‍ ഇടവിട്ടു മാത്രമേ ലഭ്യമാകൂ. എന്നാല്‍ ഭൂസ്ഥിര ഭ്രമണപഥത്തില്‍ സ്ഥിതിചെയ്യുന്ന ഇഒഎസ്-05 ഉപഗ്രഹത്തിന് രാജ്യത്തെ തുടർച്ചയായി നിരീക്ഷിക്കാൻ സാധിക്കും. ഇത് കൊടുങ്കാറ്റ്, പ്രളയം, മിന്നല്‍ പ്രളയങ്ങള്‍, ഇടിമിന്നല്‍ എന്നിവ കൃത്യമായി മുൻകൂട്ടി അറിയാനും കാർഷിക-വനാതിർത്തി നിരീക്ഷണങ്ങള്‍ക്കും കാലാവസ്ഥാ വിശകലനങ്ങള്‍ക്കും രാജ്യത്തിന് വൻ കരുത്താകും.

