രഞ്ജി ട്രോഫി സെമി ഫൈനലിൽ ഗുജറാത്തിനെതിരെ കേരളം ശക്തമായ നിലയിൽ. രണ്ടാം ദിവസം കളി നിർത്തുമ്പോൾ 7 വിക്കറ്റിന് 418 റൺസെന്ന നിലയിലാണ് കേരളം. സെഞ്ചുറി നേടിയ മുഹമ്മദ് അസ്ഹറുദ്ദീൻ്റെ പ്രകടനമാണ് കേരളത്തിൻ്റെ നില ഭദ്രമാക്കിയത്. 149 റൺസുമായി പുറത്താകാതെ നിൽക്കുന്ന അസ്ഹറുദ്ദീനൊപ്പം പത്ത് റൺസോടെ ആദിത്യ സർവാടെയും ക്രീസിലുണ്ട്.നാല് വിക്കറ്റിന് 206 റൺസെന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ കേരളത്തിന് രണ്ടാം പന്തിൽ തന്നെ ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ വിക്കറ്റ് നഷ്ടമായി. 69 റൺസെടുത്ത സച്ചിൻ ബേബിയെ അർസൻ നാഗ്സവെല്ലയാണ് പുറത്താക്കിയത്.തുടർന്ന് ആറാം വിക്കറ്റിൽ ഒത്തു ചേർന്ന സൽമാൻ നിസാറിൻ്റെയും മൊഹമ്മദ് അസറുദ്ദീൻ്റെയും കൂട്ടുകെട്ടാണ് വീണ്ടുമൊരിക്കൽ കൂടി കേരളത്തിന് നിർണ്ണായകമായത്.