വിദഗ്ധരായ തൊഴിലാളികളെ സൃഷ്ടിക്കുന്നതിൽ കേരളം രാജ്യത്തിന് മാതൃകയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കണ്ണൂർ ഗവ ഐടിഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി നിർമ്മിച്ച കെട്ടിടസമുച്ചയത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
കണ്ണൂർ ഗവ ഐടിഐയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), സോളാർ ടെക്നീഷ്യൻ, ത്രീഡി പ്രിന്റിങ് എന്നീ അതിനൂതന ട്രേഡുകൾഅനുവദിക്കുമെന്ന് മന്ത്രി അറിയിച്ചു. ട്രേഡുകൾ അടുത്ത വർഷം പ്രവർത്തന സജ്ജമാക്കുമെന്നും മന്ത്രി അറിയിച്ചു.നൈപുണ്യ പരിശീലന രംഗത്ത് സ്വദേശത്തും വിദേശത്തും മെച്ചപ്പെട്ട തൊഴിൽ കണ്ടെത്താൻ വിദഗ്ധ പരിശീലനമാണ് ഐ.ടി.ഐകൾ നൽകുന്നത്. വിദ്യാഭ്യാസ-ആരോഗ്യ-സാമൂഹിക വികസന മേഖലകളിൽ കേരളം എന്നും മുൻനിരയിലാണ്. ഐടിഐകൾ ഈ വിജയത്തിലെ അവിഭാജ്യ ഘടകമാണെന്നും മന്ത്രി പറഞ്ഞു.