തീവ്രവാദ കേസിൽ എൻ ഐ എക്ക് കനത്ത തിരിച്ചടി. ഭീകര സംഘടനയായ ഐ.എസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യാൻ കേരളത്തിൽ സംഘടനയുടെ ശാഖ രൂപീകരിച്ചെന്ന കേസിൽ എൻഐഎ പ്രതിചേർത്ത രണ്ട് പേർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആഷിഫ്, ഷിയാസ് ടി എസ് എന്നിവർക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ദീർഘകാലമായി ജയിലിൽ തുടരുന്ന സാഹചര്യം കണക്കിലെടുത്തും വിചാരണ ആരംഭിച്ചിട്ടില്ല എന്നതുമാണ് ജാമ്യം അനുവദിക്കാൻ കാരണം.പ്രതികൾ കൊടും കുറ്റവാളികളാണെന്നും കേരളത്തിലെ കൂടുതൽ യുവാക്കളെ സംഘം ലക്ഷ്യമിട്ടുവെന്നുമായിരുന്നു കൊച്ചിയിലെ എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നത്. 2023 നവംബറിലാണ് എൻഐഎ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.ഭീകര സംഘടനയായ ഐഎസിലേക്ക് യുവാക്കളെ കേരളത്തിൽ നിന്ന് റിക്രൂട്ട് ചെയ്യുന്നതിനെയാണ് തൃശൂരിൽ ഐഎസിന്റെ ശാഖ രൂപീകരിച്ചത്. നേരത്തെ ഐഎസിൽ പ്രവർത്തിച്ചിട്ടുള്ള ആഷിഫും നബീലുമാണ് സൂത്രധരന്മാരെന്ന് എൻഐഎ കുറ്റപാത്രത്തിൽ വ്യക്തമാക്കുന്നു. ഖത്തറിലായിരിക്കെയായിരുന്നു ഇരുവരും ഐഎസിൽ ചേരുന്നത്. ഖത്തറിലായിരിക്കെ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറത്തിന്റെ പ്രവർത്തനങ്ങളിലും സജീവ പങ്കാളികളായ ഇരുവരും പോപ്പുലർ ഫ്രന്റിന്റെയും ഭാഗമായി. പിഎഫ്‌ഐക്ക് വേണ്ടി കൊലപാതകങ്ങൾ നടത്തിയ ഇരുവരും അക്രമാസക്തമായ നിരവധി പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതായും എൻഐഎ കണ്ടെത്തിയിരുന്നു. കേരളത്തിൽ തിരിച്ചെത്തിയ ഇരുവരും ഐ എസ് നിയന്ത്രിത പ്രദേശങ്ങളിലേക്ക് കുടിയേറാനുള്ള ഫണ്ട് സ്വരൂപിക്കുന്നതിനായാണ് മൊഡ്യൂളിന് രൂപം നൽകിയത്. തീവ്ര ആശയങ്ങൾ പ്രചരിപ്പിച്ച യുവാക്കളെ തീവ്രവാദികളാക്കി റിക്രൂട്ട് ചെയ്യാനും ലക്ഷ്യമിട്ടിരുന്നു.