കൊല്ലം കലക്ടറേറ്റ് സ്ഫോടനക്കേസില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. എട്ടുവര്‍ഷം മുൻപ് നിരോധിത സംഘടനയായ ബേസ് മൂവ്മെന്റ് പ്രവർത്തകര്‍ കലക്ടറേറ്റ് വളപ്പിലെ ജീപ്പില്‍ സ്ഫോടനം നടത്തിയെന്നാണ് കേസ്.തമിഴ്നാട് മധുര സ്വദേശികളായ നാലു പേരാണ് പ്രതികള്‍. ബേസ് മൂവ്മെന്റിന്റെ പ്രവർത്തകരും തമിഴ്നാട് മധുര സ്വദേശികളുമായ അബ്ബാസ് അലി, ഷംസൂൺ കരീംരാജ, ദാവൂദ് സുലൈമാൻ, ഷംസുദീൻ എന്നിവരാണ് പ്രതികൾ.അഞ്ചാംപ്രതി മുഹമ്മദ് അയൂബിനെ മാപ്പുസാക്ഷിയാക്കിയിരുന്നു. 2016 ജൂൺ 15 ന് രാവിലെ 10.45 നായിരുന്നു കലക്ട്രേറ്റ് വളപ്പിലെ മുന്‍സിഫ് കോടതിക്ക് മുന്നില്‍ കിടന്ന ജീപ്പില്‍ സ്ഫോടനം. തൊഴിൽ വകുപ്പിന്റെ ഉപയോഗിക്കാതെ കിടന്ന ജീപ്പിൽ ചോറ്റുപാത്രത്തിലാണ് ബോംബ് വച്ചത്. സ്ഫോടനത്തില്‍ പേരയം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് സാബുവിന് പരുക്കേറ്റിരുന്നു.