സൗജന്യ ആയൂർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കോഴിക്കോട്: കിണാശ്ശേരി ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം ഒന്നാംവർഷ വിദ്യാർഥികൾക്കായി ‘കരുതൽ’ ദ്വിദിന സഹവാസ ക്യാമ്പും ആയുർവേദ മെഡിക്കൽ ക്യാമ്പും നടത്തി. പ്രിൻസിപ്പാൾ ടി. മോഹനൻ പതാക ഉയർത്തി. വാർഡ് കൗൺസിലർ സാഹിദ സുലൈമാൻ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരനും ചലച്ചിത്രപ്രവർത്തകനുമായ എം. കുഞ്ഞാപ്പ മുഖ്യാതിഥിയായി. പി.ടി.എ പ്രസിഡണ്ട് പി.സി. ജെറാസ് അധ്യക്ഷത വഹിച്ചു. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ സുരേഷ് ബാബു, സി.എസ്. അമ്പിളി, കെ. റെജിന എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കെ. ഷീന പദ്ധതി വിശദീകരണം നടത്തി.
പന്തീരാങ്കാവ് ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറിയുടെ സഹകരണത്തോടെ ‘സുഖദം’ ആയൂർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. മരുന്നുകളും സൗജന്യമായി വിതരണം ചെയ്തു. വയനാടിന്റെ പുനരധിവാസത്തിനു വേണ്ടി കേരളത്തിലെ എൻ.എസ്.എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന 150 വീടുകൾക്കായി പേപ്പർ ചലഞ്ച്, അച്ചാർ ചലഞ്ച് പരിപാടിയിലൂടെ ധനസമാഹരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. സമൂഹത്തിൽ അനുദിനം വർധിച്ചുവരുന്ന സ്ത്രീചൂഷണം, ലിംഗ ഭേദ വിവേചനം, സ്ത്രീധന ദുരാചാരം എന്നിവക്കെതിരെ ‘സമത്വജ്വാല’ തെളിയിച്ചുകൊണ്ട് പ്രതിജ്ഞ എടുത്തു. വളണ്ടിയർ സെക്രട്ടറി മിർഷാൻ ചടങ്ങിന് നന്ദി പറഞ്ഞു.