നടൻ മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണങ്ങളെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ . മമ്മൂട്ടിയെപ്പോലെയുള്ള ഒരാൾ നടത്തുന്ന വിമർശനങ്ങളെ പാർട്ടി ക്രിയാത്മകമായിട്ടാണ് കാണുന്നതെന്നും എതിരഭിപ്രായമുള്ളവരോടും നല്ല രീതിയിൽ സംവദിക്കുക എന്നതാണ് പാർട്ടിയുടെ പുതിയ നയമെന്നും ഗോവിന്ദൻ പറഞ്ഞു. മമ്മൂട്ടിക്കും അദ്ദേഹത്തെ സന്ദർശിച്ച എസ്.എഫ്.ഐ., ഡി.വൈ.എഫ്.ഐ. നേതാക്കൾക്കും നേരെ നടക്കുന്ന സൈബർ ആക്രമണങ്ങളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു പാർട്ടി സെക്രട്ടറി.
കാലിക്കറ്റ് സർവകലാശാലയിൽ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷം ലീഗും കെ.എസ്.യുവും എംഎസ്എഫും ചേർന്ന് നടത്തിയ ആസൂത്രിതമായ നീക്കമാണെന്നും അദ്ദേഹം ആരോപിച്ചു. എസ്എഫ്ഐക്കാരെ കൊന്നോട്ടെ എന്ന മാനസികാവസ്ഥയുള്ള മാധ്യമങ്ങൾ കേരളത്തിലുണ്ടെന്നും സംഭവത്തിൽ നടപടി ഉണ്ടായില്ലെങ്കിൽ അതിശക്തമായ തിരിച്ചടിയുണ്ടാകുമെന്നും പാർട്ടി സെക്രട്ടറി മുന്നറിയിപ്പ് നൽകി.
‘കാലിക്കറ്റ് സർവകലാശാലയിലെ വിദ്യാർഥി സംഘർഷം വളരെ ആസൂത്രിതമായ നീക്കമാണ്. ലീഗും കെ.എസ്.യുവും എംഎസ്എഫും ചേർന്നാണ് ആക്രമണം നടത്തിയത്. ഭീകരമായ കടന്നാക്രമണവും ക്രൂരമായ നിലപാടുമാണ് അവിടെ ഉണ്ടായത്. കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണിത്.’ ഓരോ മലയാളിയും ഈ ക്രൂരതയുടെ ദൃശ്യങ്ങൾ കാണണമെന്നും അതുകൊണ്ടാണ് ദൃശ്യങ്ങൾ പുറത്തുവിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

