കൊച്ചി വിമാനത്താവളത്തിൽ 5.5 കിലോ ഹൈബ്രിഡ് കഞ്ചാവുമായി മലപ്പുറം സ്വദേശിയെ കസ്റ്റംസ് പ്രിവന്റീവ് പിടികൂടി. രാജ്യാന്തര വിപണിയിൽ 5.5 കോടി രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവാണു പിടികൂടിയത്. ഭക്ഷ്യ പായ്ക്കറ്റിനുള്ളിൽ ചെറിയ പായ്ക്കറ്റുകളായാണു കഞ്ചാവു സൂക്ഷിച്ചിരുന്നത്. റാസൽ ഖൈമയിലേക്കുള്ള വിമാനത്തിൽ പോകാനിരുന്നയാളാണു പിടിയിലായത്. ഇന്ത്യയിലേക്കു തായ്ലൻഡിൽനിന്നും മറ്റും ഹൈബ്രിഡ് കഞ്ചാവ് എത്തിക്കുന്ന
സംഭവങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഇന്ത്യയിൽനിന്നു വിദേശത്തേക്കു ഹൈബ്രിഡ് കഞ്ചാവ് കയറ്റുമതി ചെയ്യുന്ന സംഭവം ആദ്യമായാണു ശ്രദ്ധയിൽ പെടുന്നതെന്നു കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥർ പറയുന്നു. പിടികൂടിയ കഞ്ചാവിന്റെ ഉറവിടമടക്കമുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം നടക്കുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു.
