കൊച്ചി നഗരമധ്യത്തിൽ പാലാരിവട്ടം സംസ്‌കാര ജങ്ഷന് സമീപത്തെ വാടകവീട്ടിൽ അതിഥി തൊഴിലാളികളെ മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി വൻ കവർച്ച.പശ്ചിമബംഗാൾ, അസം സ്വദേശികളായ തൊഴിലാളികൾ താമസിക്കുന്ന വീട്ടിൽ വ്യാഴാഴ്ച പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം.അഞ്ച് പേരടങ്ങുന്ന സംഘമാണ് അക്രമവുമായി എത്തിയത്. അകത്തുനിന്ന് വാതിൽ പൂട്ടിയ ശേഷം കത്തികാണിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും താമസക്കാരെ മർദ്ദിക്കുകയും ചെയ്തു. തുടർന്ന് വീട്ടിലുണ്ടായിരുന്ന സ്ത്രീകളുടെ വസ്ത്രങ്ങൾ അക്രമികൾ ബലമായി അഴിച്ചുമാറ്റി വിവസ്ത്രരാക്കുകയായിരുന്നു. ഇതിനുശേഷമാണ് സ്വർണാഭരണങ്ങളും പണവും അടക്കമുള്ളവ കവർന്നത്.സംഭവത്തിൽ 1,20,000 രൂപയും, 3,05,000 രൂപ വിലവരുന്ന 10 മൊബൈൽ ഫോണുകളും, സ്വർണമാലയും കമ്മലുകളും ഉൾപ്പെടെയുള്ള ആഭരണങ്ങളും, തിരിച്ചറിയൽ കാർഡുകളും എടിഎം കാർഡുകളും നഷ്ടപ്പെട്ടു. ഇതിനുപുറമെ, തൊഴിലാളികളിൽ ഒരാളെ ഭീഷണിപ്പെടുത്തി പാസ്‌വേർഡ് കൈവശപ്പെടുത്തി യുപിഐ ഇടപാടിലൂടെ 12,000 രൂപ പ്രതികളുടെ അക്കൗണ്ടിലേക്ക് മാറ്റിയെടുക്കുകയും ചെയ്തു. ആകെ 6,05,000 രൂപയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്.ഹോട്ടൽ മേഖലയിലും മറ്റും ജോലി ചെയ്ത് ജീവിക്കുന്നവരാണ് കവർച്ചയ്ക്ക് ഇരയായത്. സംഭവത്തിൽ ഫിസ്ദുൾ ഹഖ് എന്നയാളുടെ പരാതിയിൽ പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അക്രമി സംഘത്തിൽ മലയാളികളും ഉൾപ്പെട്ടിട്ടുണ്ടെന്നും പ്രതികളിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു.

