സംസ്ഥാനത്ത് കച്ചവടം കുറഞ്ഞ മാവേലി സ്‌റ്റോറുകള്‍ അടച്ചുപൂട്ടുമെന്ന റിപ്പോര്‍ട്ട് തള്ളി ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍. മാവേലി സ്‌റ്റോറുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം എടുത്തിട്ടില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, ഒരു തൊഴിലാളിയെയും പിരിച്ചുവിടില്ലെന്നും പ്രതികരിച്ചു.
മാവേലി സ്റ്റോറുകളുടെ കണക്കെടുക്കുന്നത് സ്വാഭാവിക നടപടി മാത്രമാണ്. ധനപ്രതിസന്ധി കണക്കിലെടുത്ത് പഠനം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ചില ക്രമീകരണങ്ങള്‍ വേണ്ടിവരും. മാവേലി സ്റ്റോറുകളുടെ പ്രതിസന്ധി പരിഹരിച്ച് മെച്ചപ്പെട്ട നിലയിലാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി റിപ്പോര്‍ട്ടറിനോട് പറഞ്ഞു.ജനങ്ങളെ സര്‍ക്കാരിനെതിരെ തിരിച്ചുവിടുകയെന്ന കുതന്ത്രമാണ് കേന്ദ്രസര്‍ക്കാരിന്റേതെന്നും മന്ത്രി വിമര്‍ശിച്ചു.ബിജെപി വിരുദ്ധ നിലപാടെടുക്കുന്നതില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പിന്നോക്കമാണ്.മറ്റ് സംസ്ഥാനങ്ങളില്‍ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ കേന്ദ്രത്തിനെതിരെ നിലപാടെടുക്കുന്നു.കേരളത്തിന്റെ മുന്നോട്ടുള്ള പോക്കിന് കേന്ദ്രനിലപാട് തിരുത്തണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നതെന്നും ജി ആര്‍ അനില്‍ പ്രതികരിച്ചു.