ശാസ്ത്രീയമായ പഠനത്തിൻ്റെ അടിസ്ഥാനത്തിൽ മില്ലറ്റുകൾ ആരോഗ്യകരമായ ജീവിതത്തിനുള്ള ഏറ്റവും നല്ല ഭക്ഷണമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. ജില്ലയിൽ സർക്കാർ ധനസഹായത്തോടുകൂടി മനു ചന്ദ്രൻ്റെ കീഴിൽ പ്രവർത്തിക്കുന്ന കൃഷിക്കൂട്ടം കാക്കനാട് പാലച്ചുവട് ആരംഭിച്ച മില്ലോസ് മില്ലറ്റ് കഫേയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രമേഹ രോഗത്തിന്റെ പ്രശ്നങ്ങൾക്കൊക്കെ ചെറുധാന്യങ്ങൾ ഉത്തമമാണ്. ഇത് അറിഞ്ഞതോടെ അരി ആഹാരം കഴിച്ചിരുന്ന മലയാളികളിൽ നിന്ന് അത് കുറച്ചു കഴിക്കുന്ന മലയാളികളായി നമ്മൾ മാറിയിട്ടുണ്ട്. ഒരു വർഷം 40 ലക്ഷം ടൺ അരി ആവശ്യമായിരുന്ന സാഹചര്യത്തിൽ നിന്നും 29 ലക്ഷം ടൺ എന്ന അളവിലേക്ക് അരിയുടെ ഉപയോഗം കുറഞ്ഞിട്ടുണ്ട്. ഇതിലേക്ക് വഴി തുറന്നത് ജീവിതശൈലി രോഗങ്ങളാണ്. പ്രമേഹത്തിന്റെ പ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗമായി ചെറുധാന്യങ്ങൾ നിർദ്ദേശിക്കപ്പെട്ടപ്പോളാണ് ഇവയുടെ പ്രാധാന്യം പലരും മനസ്സിലാക്കിയത്. ചെറുധാന്യങ്ങളുടെ പ്രാധാന്യം ലോകത്തിന് മനസ്സിലാക്കുന്നതിനാണ് യു എൻ 2023 അന്താരാഷ്ട്ര ചെറുധാന്യ വർഷമായി ആചരിച്ചത്.
ഞങ്ങളും കൃഷിയിലേക്ക്, കൃഷി സമൃദ്ധി തുടങ്ങി കൃഷിയുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളും നടപ്പിലാക്കുന്നതിന് പിന്നിൽ കുറെ പഠനം റിപ്പോർട്ടുകളാണ്. ഐസിഎംആർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ എന്നിവയുടെ റിപ്പോർട്ടുകൾ പ്രകാരം നമ്മുടെ പകുതി അസുഖങ്ങൾക്കും കാരണം ഭക്ഷണക്രമമാണ്. അതിൽ 56.4% രോഗങ്ങളുടെ കാരണം അനാരോഗ്യകരമായ ഭക്ഷണമാണ്. മാരകമായ രോഗങ്ങളിലേക്ക് ഉൾപ്പെടെ മലയാളികളെ കൊണ്ടെത്തിക്കുന്നു. ഇതിനെതിരെ കൃഷിവകുപ്പ് തന്നെ മുന്നിട്ടിറങ്ങണം എന്നതിൻ്റെ അടിസ്ഥാനത്തിലാണ് വകുപ്പ് നിരവധി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കിയത്. ഇതിൻറെ ഭാഗമായാണ് മില്ലറ്റിലേക്ക് എത്തിയത്.ഇന്ന് കേരളത്തിൻ്റെ പല ഭാഗങ്ങളിലും മില്ലറ്റ് കൃഷി ചെയ്യുന്നുണ്ട്. കൃഷി ചെയ്യുന്ന മില്ലറ്റുകൾ പലയിടങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.
മില്ലറ്റിന്റെ കൂടുതൽ വിവരങ്ങൾക്കായി സർക്കാർ നേതൃത്വത്തിൽ ഹൈദരാബാദ് സന്ദർശിക്കുകയും കൂടുതൽ മനസ്സിലാക്കുകയും ചെയ്തു. നമ്മുടെ നാട്ടിൽ മില്ലറ്റ് കൊണ്ട് ദോശ, ഉപ്പുമാവ് തുടങ്ങി വിഭവങ്ങൾ മാത്രം പരീക്ഷിക്കുമ്പോൾ നിരവധി വിഭവങ്ങളാണ് മില്ലറ്റ് കൊണ്ട് ഹൈദരാബാദിൽ ഉണ്ടാക്കുന്നത്. മില്ലറ്റ് കൊണ്ടുള്ള നിരവധി വിഭവങ്ങൾ നമ്മുടെ നാട്ടിലും ലഭ്യമാവണം എന്നതിൻ്റെ തുടക്കമാണ് മില്ലറ്റ് കഫെ എന്ന ആശയത്തിലെത്തിയത്.കേരളത്തിലെ 14 ജില്ലകളിലും ഇവ ആരംഭിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇവ കൂടാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലും ഇത്തരം കഫേകൾ ആരംഭിക്കണമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ രാധാമണി പിള്ള അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ ആദ്യ വില്പന നടത്തി.ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻ പിള്ള മുഖ്യാതിഥിയായി. പ്രിൻസിപ്പൽ കൃഷി ഓഫീസർ ഷേർളി സക്കറിയാസ്, തൃക്കാക്കര നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ്മിത സണ്ണി, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നൗഷാദ് പല്ലച്ചി, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ടാനി തോമസ്, അസിസ്റ്റൻ്റ് ഡയറക്ടർ ഓഫ് അഗ്രികൾച്ചർ ഡോ. സൗമ്യ പോൾ, തൃക്കാക്കര കൃഷിഭവൻ കൃഷി ഓഫീസർ ശില്പ വർക്കി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.