രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്ക്പട്ടിക (നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക് – എന്‍ഐആര്‍എഫ്) പുറത്തിറക്കി വിദ്യാഭ്യാസ മന്ത്രാലയം.
റാങ്കിങില്‍ മികച്ച നേട്ടമാണ് കേരളത്തിലെ സര്‍വകലാശാലകള്‍ കരസ്ഥമാക്കിയിരിക്കുന്നത്. എന്‍ഐആര്‍എഫ് റാങ്കിങ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ആദ്യ 300 കോളേജുകളില്‍ 71 എണ്ണം കേരളത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവയാണ്. 71 എണ്ണത്തില്‍ 16 ഉം ഗവണ്‍മെൻ്റ് കോളേജുകളാണ്.
കേരള യൂണിവേഴ്സിറ്റിയാണ് റാങ്കിങില്‍ ഒന്‍പതാം സ്ഥാനത്ത്. കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി പത്താം സ്ഥാനത്തും മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി പതിനൊന്നാം സ്ഥാനവുമാണ് കരസ്ഥമാക്കിയിരിക്കുന്നത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി റാങ്കിങില്‍ 43-ാം സ്ഥാനത്താണ്. മാനേജ്‌മെൻ്റ് സ്ഥാപനങ്ങളുടെ റാങ്കിങ് പട്ടികയില്‍ ഐ ഐ എം കോഴിക്കോട് മൂന്നാം സ്ഥാനത്താണ്. ആര്‍ക്കിടെക്ചര്‍ ആൻ്റ് പ്ലാനിങ് റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തുളളത് എന്‍.ഐ.ടി കാലിക്കറ്റ് കോളേജാണ്. തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളേജ് 18-ാം സ്ഥാനവും കരസ്ഥമാക്കി.
കോളേജുകളുടെ പട്ടികയില്‍ ആദ്യ 300 ല്‍ 71 കോളേജുകളാണ് കേരളത്തില്‍ നിന്നും ഉള്‍പ്പെട്ടിട്ടുണ്ട്. രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസ് 20-ാം റാങ്കും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് 22-ാം റാങ്കും എറണാകുളം സെൻ്റ് തെരേസാസ് കോളേജ് 46-ാം റാങ്കും സേക്രഡ് ഹാര്‍ട്ട് കോളേജ് തേവര 48-ാം റാങ്കും ഗവ. വിമന്‍സ് കോളേജ് തിരുവനന്തപുരം 49-ാം റാങ്കും എറണാകുളം മഹാരാജാസ് കോളേജ് 53-ാം റാങ്കുമാണ് നേടിയിരിക്കുന്നത്.ആദ്യത്തെ 100 വരെയുളള പട്ടികയില്‍ 22-ാം സ്ഥാനത്ത് യൂണിവേഴ്‌സിറ്റി കോളേജാണ്. 49-ാം സ്ഥാനത്ത് ഗവ. വിമന്‍സ് കോളേജ്, 53-ാം സ്ഥാനത്ത് മഹാരാജാസ് കോളേജ്. 84-ാം സ്ഥാനത്ത് പാലക്കാട് വിക്ടോറിയ കോളേജുമാണ്.
ആദ്യ 150 ല്‍ ഈ നാല് കോളേജുകള്‍ക്ക് പുറമേ ബ്രണ്ണന്‍ കോളേജ്, ആറ്റിങ്ങല്‍ ഗവ കോളേജ്, കോഴിക്കോട് മീന്‍ചന്ത ആര്‍ട്‌സ് & സയന്‍സ് കോളേജ്, കോട്ടയം ഗവ. കോളേജ് എന്നിവയും 151 മുതല്‍ 200 പട്ടികയില്‍ നെടുമങ്ങാട് ഗവ. കോളേജും പട്ടാമ്പി ഗവ. കോളേജും ഉള്‍പ്പെട്ടിട്ടുണ്ട്.