പട്ടിണിയുടെയും ദാരിദ്ര്യത്തിൻ്റെയും കർക്കിടകത്തിലെ കറുത്ത കാർമേഘങ്ങളെ മാറ്റി നിർത്തി കിഴക്കുദിക്കുന്ന പൊന്നിൻ ചിങ്ങപ്പുലരിയോടെ, മലയാളിക്ക് ഗൃഹാതുരത്വത്തിൻ്റെ ആഘോഷകാലമാണ് ഇന്ന് ആരംഭിക്കുന്നത്.
1200-ാം ആണ്ടിൻ്റെ പിറവി കൂടി ആയപ്പോൾ ഇന്ന് പുതു നൂറ്റാണ്ടിൻ്റെ ആദ്യ ദിനം കൂടിയാണ്.
കേരളീയർക്ക് ചിങ്ങം ഒന്ന് കർഷക ദിനം കൂടിയാണ്. വിളവെടുപ്പിൻറെ മാസമായ ചിങ്ങത്തിനായി കർഷകരും പ്രകൃതിയുടെ ഒരുമിച്ച് കാത്തിരിക്കുകയാണ്.
സെപ്റ്റംബർ ആറിനാണ് ഇത്തവണ ചിങ്ങ മാസത്തിലെ അത്തം നാള്‍. സെപ്റ്റംബർ 15 ഞായറാഴ്ചയാണ് തിരുവോണം കൊണ്ടാടുന്നത്. കർക്കടകത്തിൻ്റെ ദുരിതങ്ങള്‍ മലയാളി മറക്കാൻ തുടങ്ങുന്ന ദിവസമാണ് ചിങ്ങം ഒന്ന്. ഒപ്പം, കാണം വിറ്റിട്ടാണെങ്കിലും ഓണമുണ്ണാൻ തയാറെടുപ്പുകള്‍ നടത്തേണ്ട സമയമായി എന്ന ഓർമപ്പെടുത്തലും ഓടിയെത്തുന്നു.
പുതുതലമുറയില്‍ കാർഷിക അവബോധം വളർത്തുന്നതിനും ഈ ദിനാചരണം ഏറെ ഉപകരിക്കുന്നു. കാർഷിക സംസ്‌കാരത്തിൻ്റെയും ഓണക്കാലത്തിൻ്റെയും ഗൃഹാതുര സ്മരണകളാണ് ഓരോ മലയാളികളുടെയും മനസ്സില്‍ ചിങ്ങമാസം ഓർമ്മപ്പെടുത്തുന്നത്.