വിഷം ഉള്ളിൽച്ചെന്ന മകനുമായി ആശുപത്രിയിലേക്ക് പാഞ്ഞ ആംബുലൻസ് മറിഞ്ഞ് മാതാവ് മരിച്ചു

വിഷം ഉള്ളിൽച്ചെന്ന യുവാവുമായി ആശുപത്രിയിലേക്ക് പാഞ്ഞ ആംബുലൻസ് മറിഞ്ഞ് യുവാവിന്റെ മാതാവ് മരിച്ചു. നല്ലേപ്പിള്ളി നരിച്ചിറ തെക്കേദേശത്ത് ജോറാമ്മ (53) ആണ് മരിച്ചത്. യുവാവിനെയും മാതാവിനെയും കൂടാതെ ജോറാമ്മയുടെ മകളുടെ ഭർത്താവ് റഹീം, സഹോദരന്റെ മരുമകൾ റഹ്‌മത്ത് എന്നിവരും നഴ്‌സുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് 4.50 ഓടെയാണ് സംഭവം. കാടാങ്കോട് ജങ്ഷനുസമീപം എതിരെ വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആംബുലൻസ് മറിഞ്ഞത്.

നല്ലേപ്പിള്ളി സ്വദേശി മഫ്ലുവിനെയാണ് (25) വിഷം ഉള്ളിൽച്ചെന്നനിലയിൽ ആംബുലൻസിൽ കൊണ്ടുവന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച മഫ്ലുവിനെ വിദഗ്ധ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോവുകയായിരുന്നു.കാടാങ്കോട് ജങ്ഷനടുത്ത വളവിൽ എതിരെ വരികയായിരുന്ന ബൈക്ക് അതേ ദിശയിൽവന്ന ഓട്ടോറിക്ഷയിലിടിച്ച് മറിഞ്ഞു. ബൈക്കിൽ ഇടിക്കാതിരിക്കാനായി വശത്തേക്ക് വെട്ടിച്ചപ്പോഴാണ് ആംബുലൻസ് മറിഞ്ഞതെന്ന് ഡ്രൈവർ ദീപു പറഞ്ഞു. റോഡിനെതിർവശത്തെ ഇലക്ട്രിക് ഉപകരണങ്ങൾ നന്നാക്കുന്ന കടയുടെ ചുമരിലിടിച്ചാണ് ആംബുലൻസ് മറിഞ്ഞത്. ഈസമയം മൂന്നുപേർ കടയിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഇവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

പാലക്കാട് ടൗൺ സൗത്ത് പോലീസും നാട്ടുകാരും സ്ഥലത്തെത്തി. മറിഞ്ഞുകിടന്ന ആംബുലൻസിൽനിന്ന് ആളുകളെ പുറത്തെടുക്കുമ്പോൾ ഇതേദിശയിൽ മറ്റൊരു ആംബുലൻസെത്തി ഇതിലാണ് ഇവരെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജോറാമ്മയെ രക്ഷിക്കാനായില്ല.ബൈക്കിൽവന്ന രണ്ടുപേർക്ക് നിസ്സാര പരിക്കേറ്റു. ക്രെയിനെത്തിച്ച് ആംബുലൻസ് റോഡിൽനിന്ന് മാറ്റുന്നതുവരെ ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചു. അഞ്ചരയോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ടൗൺ സൗത്ത് സ്റ്റേഷനിലെ എസ്.ഐ. സൗമ്യ, എ.എസ്.ഐ. അബ്ദുൾജലീൽ എന്നിവരുടെ നേതൃത്വത്തിലാണ് പോലീസ് സംഘമെത്തിയത്. പള്ളിയിൽനിന്ന് പ്രാർഥനയ്ക്കുശേഷം വീട്ടിലേക്കുള്ള യാത്രയിലാണ് മകൻ വിഷം കഴിച്ച വിവരം പിതാവ് മുഹമ്മദ്ഹനീഫ അറിഞ്ഞത്. ഉടനെ ചിറ്റൂർ താലൂക്കാശുപത്രിയിലേക്ക് തിരിച്ചെങ്കിലും ഇവരെ പാലക്കാട്ടേക്ക് കൊണ്ടുപോവുകയായിരുന്നു. തുടർന്നാണ് അപകടവിവരം അറിഞ്ഞത്.മകൾ: ഹസീന. പിതാവ്: പരേതനായ മുത്തുറാവുത്തർ. മാതാവ്: പരേതയായ ആയിഷാമ്മ. സഹോദരങ്ങൾ: ഉസനാർ, സൈനബ, സൗറ, പെട്ട, മെഹബൂബ്, പരേതരായ മണി റാവുത്തർ, യൂസഫ് റാവുത്തർ.

Leave a Reply

spot_img

Related articles

ആയുർവ്വേദത്തിന്റെ മറവിൽ നടക്കുന്ന അനാശാസ്യം അവസാനിപ്പിക്കണം: സർവ്വ

നൂറ്റാണ്ടുകൾ പഴക്കമുള്ള ആയുർവേദ ചികിത്സയുടെ പേരിൽ നടക്കുന്ന അനാശാസ്യം അവസാനിപ്പിക്കാൻ സർക്കാർ നടപടി സ്ഥീകരിക്കണമെന്ന് സ്റ്റേറ്റ് ആയുർവ്വേദ റെപ്രസെന്റേറ്റീവ് ആന്റ് വർക്കേഴ്സ് അസ്സോസിയേഷൻ (SARWA)...

പാമ്പാടിയിൽ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

കോട്ടയം പാമ്പാടിയിൽ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവതികൾക്ക് ദാരുണാന്ത്യം.ദേശീയപാത 183 -ൽ കോട്ടയം പാമ്പാടി പതിമൂന്നാം മൈലിൽ വച്ചാണ് ബുധനാഴ്ച രാവിലെ 9...

വിജയദശമി ദിനത്തിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി

വിജയദശമി ദിനത്തിൽ കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകി മുഖ്യമന്ത്രി വി ഡി സതീശൻ. പറവൂരിലെ എം എൽ എ ഓഫീസിൽ നടന്ന വിദ്യാരംഭ...

സിഎംആർഎൽ – എക്‌സാലോജിക് കേസ്: ഇഡി ഉന്നതതല യോഗം നാളെ കൊച്ചിയില്‍

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ പിണറായി വിജയനെ ചോദ്യം ചെയ്യാനിരിക്കെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഉന്നതതല യോഗം നാളെ കൊച്ചിയില്‍ ചേരും.ചെന്നൈ സ്‌പെഷ്യല്‍ ഡയറക്ടറുടെ നേതൃത്വത്തിലാണ് യോഗം...