മൂവാറ്റുപുഴ-കോലഞ്ചേരി റോഡിൽ കടാതി അമ്പലംപടിയിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം.കടാതി ചോളമലയിൽ രാജേഷാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ മൂവാറ്റുപുഴ ഭാഗത്തുനിന്ന് വരികയായിരുന്ന രാജേഷ് സഞ്ചരിച്ച ബൈക്കും കോലഞ്ചേരി ഭാഗത്തുനിന്നെത്തിയ ജീപ്പും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ രാജേഷിനെ പ്രദേശവാസികൾ ചേർന്ന് ഉടൻ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു. മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

