തിരുവനന്തപുരം വഞ്ചിയൂരില്‍ വഴി തടഞ്ഞ് സമ്മേളനം നടത്തിയ നടപടിയിലെ കോടതിയലക്ഷ്യ കേസില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഇന്ന് ഹൈക്കോടതിയില്‍ ഹാജരാകും. വൈകിട്ട് നാലരയ്ക്കാണ് ഡിവിഷന്‍ ബെഞ്ച് കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുന്നത്. വഴി തടഞ്ഞ് പരിപാടി നടത്തിയതിൻ്റെ പേരില്‍ സിപിഐഎം നേതാക്കളും സിപിഐ, കോണ്‍ഗ്രസ് നേതാക്കളും തിങ്കളാഴ്ച നേരിട്ട് ഹാജരായിരുന്നു. എന്നാല്‍ ഫെബ്രുവരി പത്തിന് ഹാജരാകുന്നതില്‍ നിന്ന് എംവി ഗോവിന്ദന്‍ ഇളവ് നേടുകയായിരുന്നു. സിപിഐഎം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കേണ്ട സാഹചര്യത്തിലാണ് ഇളവ് നേടിയത്. ഇളവ് അനുവദിച്ച ഡിവിഷന്‍ ബെഞ്ച് ഇന്ന് പ്രത്യേകം ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.സിപിഐഎം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായ പൊതുസമ്മേളനത്തിനായാണ് വഞ്ചിയൂരില്‍ ഒരുഭാഗം റോഡ് കെട്ടിയടച്ച് സ്‌റ്റേജ് നിര്‍മ്മിച്ചത്.