ദേശീയപാതാ തകർച്ചയിൽ ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. സംഭവിച്ച കാര്യങ്ങളിൽ സന്തോഷമില്ലെന്നും കേരളത്തിലെ ജനങ്ങളുടെ ആശങ്ക പരിഹിരക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ജനങ്ങൾ ക്ഷമയോടെ കാത്തിരുന്ന പാതയാണ് തകർന്നതെന്നും എന്താണ് സംഭവിച്ചതെന്നതിൽ ഇടക്കാല റിപ്പോർട്ട് നൽകാനും ദേശീയപാത അതോറിറ്റിക്ക് നിർദേശം നൽകി. റോഡ് നിർമാണത്തിലെ വിദഗ്ധരെന്ന് കരാർ കമ്പനിയെക്കുറിച്ച് അതോറിറ്റി നേരത്തെ പറഞ്ഞിരുന്നു. അതേ ആത്മവിശ്വാസം ഇപ്പോഴുമുണ്ടോയെന്നും കോടതി ചോദിച്ചു. അതേസമയം കരാർ കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തിയെന്നും തകർന്ന പാതകളിൽ ഘടനാപരമായ മാറ്റം വരുത്തുമെന്നും ദേശീയപാത അതോറിറ്റി കോടതിയിൽ വ്യക്തമാക്കി. തെറ്റായ കാര്യങ്ങൾ സംഭവിച്ചെന്നും ഉദ്യോഗസ്ഥർ സംഭവസ്ഥലങ്ങളിലായതിനാൽ മറുപടി നൽകാൻ സമയം വേണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു. കൊച്ചിയിലെ റോഡുകളുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ഇടപെടൽ. ഹരജി അടുത്ത വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി.