തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ വിവിധ ഡിവിഷനുകളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച 4 കുളങ്ങളുടെ ഉദ്ഘാടനവും ആസ്തി കൈമാറ്റവും കൃഷി, മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വ്വഹിക്കും. ആഗസ്റ്റ് 31ന് രാവിലെ 11 ന് ചേറൂര്‍, ഏവന്നൂര്‍ തേന്‍കുളങ്ങര ദേവീ ക്ഷേത്രക്കുളം പരിസരത്ത് നടക്കുന്ന ചടങ്ങില്‍ എം.എല്‍.എ. പി. ബാലചന്ദ്രന്‍ അധ്യക്ഷത വഹിക്കും. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം.കെ. വര്‍ഗ്ഗീസ് മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സും മുന്‍ കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാറും മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ ബിന്ദു മേനോന്‍ പദ്ധതി വിശദീകരണം നടത്തും. ചടങ്ങില്‍ കര്‍ഷകരും ജനപ്രതിനിധികളും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുക്കും.
റീ ബില്‍ഡ് കേരള ഇനീഷ്യേറ്റീവ് 2020-21 ല്‍ ഉള്‍പ്പെടുത്തി മണ്ണ് പര്യവേക്ഷണ മണ്ണ്‌സംരക്ഷണ വകുപ്പ് തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ 2, 9, 16, 55 എന്നീ ഡിവിഷനുകളില്‍ 497.23 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച സീതാറാം മില്‍ കുളം, തേന്‍കുളങ്ങര ദേവീ ക്ഷേത്രക്കുളം, പനഞ്ചകം ചിറ, മണത്തിട്ട വിഷ്ണുക്ഷേത്രക്കുളം എന്നീ പുനരുദ്ധരിച്ച ജലസംഭരണികളുടെ ഉദ്ഘാടനവും ആസ്തി കൈമാറ്റവും മുഖ്യമന്ത്രിയുടെ നാലാം 100 ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് നാടിന് സമര്‍പ്പിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഐ.ഡബ്ല്യു.ഡി.എം.കെ ചടയമംഗലത്തിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്കായി ‘മണ്ണിനെ അറിയാം മൊബൈലിലൂടെ’ ഏകദിന പരിശീലന പരിപാടിയും നടക്കും.