സംസ്ഥാന സർക്കാരിന് എതിരെ അതിരൂക്ഷ വിമർശനവുമായി ഓർത്തഡോക്സ് സഭ.
ക്രമസമാധാന പ്രശ്നം എന്ന ഓമനപ്പേരിട്ട് സർക്കാർ വിധി നടപ്പിലാക്കാതിരിക്കാൻ ശ്രമിക്കുകയാണെന്നും എല്ലാ പരിധിയും ലംഘിച്ചെന്നും ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ദിയസ്കോറസ് പറഞ്ഞു.
സർക്കാരിന്റെ ഔദാര്യം വേണ്ടെന്നും നീതി നടപ്പിലാക്കി ഇല്ലെങ്കിൽ കടുത്ത തീരുമാനങ്ങളിലേക്ക് പോകുമെന്നും ഓർത്തഡോക്സ് സഭ പ്രതിനിധികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു
ഏകപക്ഷീയമായ നയമാണ് സർക്കാർ സ്വീകരിക്കുന്നത് .സർക്കാർ സമീപനം ജനാധിപത്യത്തിന് ഭൂഷണമല്ല.രാജ്യത്ത് നിലനിൽക്കുന്ന നിയമം എന്താണെന്ന് സർക്കാർ മനസിലാക്കണമെന്ന് സഭാ നേതാക്കൾ പറഞ്ഞു.
സഭക്ക് ഔദാര്യം അല്ല, ലഭിക്കേണ്ട അവകാശമാണ് സർക്കാർ ഉറപ്പാക്കേണ്ടത്.
ഈ നയം നിർത്തിയില്ലെങ്കിൽ സഭ ഉപ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ കടുത്ത തീരുമാനങ്ങളിലേക്ക് പോകുമെന്നും ദീയസ്കോറസ് മെത്രാപോലീത്ത പറഞ്ഞു.
വൈദിക ട്രസ്റ്റി ഫാ.ഡോ. തോമസ് വർഗീസ് അമയിൽ, അത്മായ ട്രസ്റ്റി റോണി ഏബ്രഹാം വർഗീസ്, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, സഭാ വക്താവ് ഡോ. ജോൺസ് ഏബ്രഹാം കോനാട്ട് റീശ് കോറെപ്പിസ്കോപ്പാ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.