പാക്കിസ്ഥാൻ പ്രസിഡണ്ട് ആസിഫ് അലി സർദാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. 69 കാരനായ അദ്ദേഹത്തെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. നവാബ്ഷയിൽ നിന്ന് കറാച്ചിയിലേക്ക് എത്തിച്ച അദ്ദേഹത്തെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന് ശ്വാസതടസ്സവും പനിയും ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം.പ്രസിഡന്റിന്റെ ഔദ്യോഗിക ഡോക്ടർ ആയ അസിം ഹുസൈനാണ് ഇക്കാര്യം മാധ്യമങ്ങളോട് സ്ഥിരീകരിച്ചത്. പ്രസിഡന്റിന്റെ ചികിത്സയ്ക്കായി മെഡിക്കൽ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ആരോഗ്യനില മെച്ചപ്പെടുന്നതായാണ് വിവരം. ചെറിയ പെരുന്നാൾ ആഘോഷത്തിനായി നവാബ്ഷാ വരെ പോയതായിരുന്നു പ്രസിഡന്റ്. പിന്നാലെയാണ് ശാരീരിക അവശതകൾ നേരിട്ടത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.2022 ജൂലൈയിലും ഇദ്ദേഹത്തിന് കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. അന്ന് വലിയ ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. 2024 ഒക്ടോബറിൽ വിമാനത്തിൽ കയറുന്നതിനിടെ വീണ് ഇദ്ദേഹത്തിന്റെ കാല് ഒടിഞ്ഞിരുന്നു. 2023 മാർച്ചിൽ യുഎഇയിൽ വച്ച് അദ്ദേഹം നേത്ര ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.