ഒന്നും ചെയ്യാത്ത സര്‍ക്കാരിനോടുള്ള ജനങ്ങളുടെ മടുപ്പാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലമെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി.സര്‍ക്കാരിനെ ജനങ്ങള്‍ക്ക് മടുത്തിരിക്കുകയാണ്. ഇനി തിരുത്താന്‍ അവര്‍ക്ക് സമയമില്ല. ക്ഷേമ പെന്‍ഷന്‍ പറ്റിപ്പാണെന്ന് ജനങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. ശബരിമല സ്വര്‍ണക്കൊള്ള ഉള്‍പ്പെടെ സര്‍ക്കാരിനെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിരിക്കുന്നു. കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ നിന്ന് ഒട്ടും പ്രതീക്ഷിച്ചിട്ടില്ലാത്തത്രയും വര്‍ഗീയ കാര്‍ഡ് ഇറക്കി എല്‍ഡിഎഫ് കളിച്ചു. ഏതെങ്കിലും സംഘടനയെ ചാരിക്കൊണ്ട് ഇസ്‌ലാമോഫോബിയ കളിച്ച് തെരഞ്ഞെടുപ്പ് ജയിക്കാമെന്നാണ് അവര് കരുതിയത്. ജമാഅത്തെ ഇസ്‌ലാമി കാര്‍ഡ് ഇറക്കിക്കൊണ്ട് ജയിക്കാമെന്ന അവരുടെ തന്ത്രം ഇത്തവണ പാളിയിരിക്കുകയാണ് ചെയ്തത്. ചില വ്യക്തികളൊക്കെ വര്‍ഗീയതയുടെ പര്യായമായി മാറുന്ന ചിത്രങ്ങള്‍ വരെ ഇത്തവണയുണ്ടായി.’ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

