പത്തനാപുരത്ത് മദ്യപിച്ച് ജോലി ചെയ്തതായി ആരോപണമുയര്‍ന്ന പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. കണ്‍ട്രോള്‍ റൂമിലെ ഗ്രേഡ് എസ്‌ഐ സന്തോഷ് കുമാര്‍, ഡ്രൈവര്‍ സുമേഷ് ലാല്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഡ്യൂട്ടി സമയത്ത് മദ്യപിച്ച് അപകടകരമായ നിലയില്‍ വാഹനം ഓടിച്ച ഇരുവരേയും നാട്ടുകാര്‍ പിടികൂടിയിരുന്നു. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ടര്‍ വാര്‍ത്ത നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരേയും സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് റൂറല്‍ എസ്പി സാബു മാത്യു ഉത്തരവ് പുറപ്പെടുവിച്ചത്. മദ്യപിച്ച് ജോലിക്കെത്തിയതിന് സുമേഷ് ഇതിന് മുന്‍പും വകുപ്പുതല നടപടി നേരിട്ടിട്ടുണ്ട്. ഏപ്രില്‍ നാലിനാണ് കണ്‍ട്രോള്‍ റൂം വാഹനത്തിലെത്തിയ രണ്ട് പൊലീസുകാരെ മദ്യപിച്ച് ലക്കുകെട്ട നിലയില്‍ നാട്ടുകാര്‍ പിടികൂടിയത്. നാട്ടുകാര്‍ ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ഇതിനിടെ പൊലീസ് ഉദ്യോഗസ്ഥര്‍ നാട്ടുകാര്‍ക്കിടയിലൂടെ വാഹനം ഓടിച്ച് കടന്നുകളയുകയായിരുന്നു. സംഭവം വാര്‍ത്തയായതോടെ ഇരുവര്‍ക്കുമെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു.