പാലയൂര്‍ മാര്‍തോമ തീര്‍ഥകേന്ദ്രത്തില്‍ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായുള്ള കരോള്‍ പരിപാടി തടഞ്ഞ പോലീസ് നടപടി ദൗര്‍ഭാഗ്യകരമാണെന്നും അന്വേഷണം നടത്തി കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണമെന്നും കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ ആവശ്യപ്പെട്ടു. പാലയൂര്‍ തീര്‍ഥകേന്ദ്രം അധികൃതരെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുരളീധരന്‍. രാഷ്ട്രീയ പരിപാടികള്‍ രാത്രി നീണ്ടുപോകാതിരിക്കാന്‍ ഉച്ചഭാഷിണികള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം മതപരമായ ചടങ്ങുകള്‍ക്കും മറ്റും ബാധകമാക്കുന്നത് ശരിയല്ല. പാലക്കാട് തത്തമംഗലത്തും നല്ലേപ്പിള്ളിയിലും ക്രിസ്മസ് ആഘോഷം തടസപ്പെട്ടപ്പോള്‍ സി.പി.എമ്മും കോണ്‍ഗ്രസും ചേര്‍ന്നാണ് കരോള്‍ നടത്തിയത്. എന്നാല്‍ സര്‍ക്കാരിന്റെ പോലീസ് പാലയൂരില്‍ മറ്റൊരു സമീപനം സ്വീകരിച്ചത് എന്തുകൊണ്ടാണെന്ന് മനസിലാവുന്നില്ലെന്ന് മുരളീധരന്‍ പറഞ്ഞു. യു.ഡി.എഫ്.നേതാക്കളായ അരവിന്ദന്‍ പല്ലത്ത്, സി.എച്ച്. റഷീദ്, കെ.വി.ഷാനവാസ്, ആര്‍.വി. അബ്ദുറഹീം, കെ.വി. യൂസഫലി, ഉമ്മര്‍ മുക്കണ്ടത്ത്, അനീഷ് പാലയൂര്‍, കെ.വി. സത്താര്‍, ബേബി ഫ്രാന്‍സീസ് തുടങ്ങിയവരും മുരളീധരനൊപ്പമുണ്ടായിരുന്നു.