ജനപ്രിയ നോവലിസ്റ്റ് സോമനാഥ് കാഞ്ഞാർ അന്തരിച്ചു. ‘സുറുമ’ ഉൾപ്പടെയുള്ള ജനപ്രിയനോവലുകളുടെ രചയിതാവ് കറുകപ്പിള്ളിൽ സോമനാഥ് (സോമനാഥ് കാഞ്ഞാർ) അന്തരിച്ചു. 67 വയസായിരുന്നു. സ്പന്ദനം, തായമ്പക, റസിയ, കുർബാന, തൂക്കുവിളക്ക് തുടങ്ങി 36 നോവലാണ് വിവിധ ആഴ്ചപ്പതിപ്പുകളിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചത്. ആദ്യ നോവലായ ‘സുറുമ’ പുറത്തിറങ്ങിയതോടെ ‘സുറുമ സോമൻ’ എന്നും അറിയപ്പെട്ടു. ഫ്രീലാൻസ് പത്രപ്രവർത്തകൻ, പാരലൽ കോളേജ് അധ്യാപകൻ, കുടയത്തൂർ സഹകരണബാങ്ക് ഡയറക്ടർ ബോർഡംഗം എന്നീനിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: സൂര്യനാഥ്, ടിന്റുനാഥ്.മരുമക്കൾ: രേഷ്മ, രാജീവ്.സംസ്ക്കാരം തിങ്കളാഴ്ച 3.30ന് തൊടുപുഴ ശാന്തിതീരം ശ്മശാനത്തിൽ.
വൃക്കരോഗത്തെ തുടർന്ന് മരിച്ച ഭാര്യയുടെ ചികിത്സയ്ക്കായി വാങ്ങിയ കടം തിരിച്ചു കൊടുക്കാനാകാതെ ചെക്കുകേസിൽപ്പെട്ട് രണ്ടുമാസത്തെ ജയിൽശിക്ഷ അനുഭവിക്കുന്നതിനിടെ ശനിയാഴ്ച രാത്രി ദേഹാസ്വാസ്ഥം അനുവഭപ്പെട്ടു. തൊടുപുഴ ജില്ലാ ആശുപത്രിയിൽ എത്തി ച്ചെങ്കിലും രക്ഷിക്കാനായില്ല. ‘സ്പന്ദനം’ എന്ന നോവൽ തൻ്റെ ആദ്യ പുസ്തകമായി പുറത്തിറക്കാനുള്ള ശ്രമത്തിലായിരുന്നു. ഇതിനായി ഓടി നടക്കുന്നതിനിടെയാണ് രണ്ടു മാസത്തെ ജയിൽവാസം വേണ്ടി വന്നത്. കുറച്ച് എഴുതാനുണ്ടെന്നും യാത്ര പോകണമെന്നും മക്കളോട് കളവുപറഞ്ഞ് നേരേ ജയിലിലെത്തി. ഇടയ്ക്കിടെ അച്ഛൻ ഇത്തരത്തിൽ യാത്ര നടത്താറുള്ളതിനാൽ മക്കൾ അത് വിശ്വസിച്ചു. 20-ന് മുട്ടം ജില്ലാ ജയിലിലായി. ഹൃദ്രോഗത്തെ തുടർന്ന് ആഞ്ജിയോപ്ലാസ്റ്റി കഴിഞ്ഞതിനാൽ ഇടയ്ക്ക് ജയിലിൽനിന്ന് ആശുപത്രിയിൽ പരിശോധനയ്ക്ക് കൊണ്ടുപോയിരുന്നു. അവിടെ കണ്ട സുഹൃത്തിനോടും താൻ ജയിലിലാണെന്ന കാര്യം മക്കളോട് പറയരുതെന്ന് പറഞ്ഞിരുന്നു. ശനിയാഴ്ച രാത്രിയിലാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.