ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച് ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് മുന്നേറ്റം. സിറ്റിങ് എംഎല്‍എയായിരുന്ന ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഒഴിവുവന്ന സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച് ജൻ സുരാജ് പാർട്ടിക്കായി മത്സരിച്ച പ്രശാന്ത് കിഷോർ മുന്നേറുന്നത്.ബങ്കിപ്പൂരില്‍ വോട്ടെണ്ണല്‍ 22-ാം റൗണ്ടിലേക്ക് പ്രവേശിക്കുമ്പോള്‍ പ്രശാന്ത് കിഷോർ ലീഡ് 12000ത്തിലധികം വോട്ടുകളായി ഉയർത്തി. ബിജെപിക്കായി മത്സരിച്ച നീരജ് കുമാർ സിൻഹ ആണ് രണ്ടാം സ്ഥാനത്ത്. ആർജെഡി സ്ഥാനാർത്ഥി രേഖ കുമാരി മൂന്നാം സ്ഥാനത്താണ്. ബിജെപി ശക്തികേന്ദ്രമായ ബങ്കിപ്പൂരില്‍ ഇതുവരെ ബിജെപി സ്ഥാനാർത്ഥിയല്ലാതെ മറ്റാരും വിജയിച്ചിട്ടില്ല. 2010ല്‍ മണ്ഡലം രൂപീകരിച്ചപ്പോള്‍ മുതല്‍ നിതിൻ നബീൻ ആണ് ബങ്കിപ്പൂരിനെ നിയമസഭയില്‍ പ്രതിനിധീകരിക്കുന്നത്. 2025ലെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പില്‍ 51,936 വോട്ടുകള്‍ക്കായിരുന്നു നിതിൻ നബീൻ്റെ വിജയം.

