പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി ഹൈക്കോടതിയിൽ വിചിത്ര വാദവുമായി ഡൽഹി സർവകാശാല. 1978-ൽ ഡൽഹി സർവകലാശാലയിൽ നിന്ന് ബിഎ ബിരുദം നേടിയ വിദ്യാർത്ഥികളുടെ രേഖകൾ ആവശ്യപ്പെട്ട് കേന്ദ്ര വിവരാവകാശ കമ്മീഷൻ (സിഐസി) സമർപ്പിച്ച കേസിൽ, “പൊതുജനങ്ങൾക്ക് താൽപ്പര്യമുള്ളത്” എന്നത് “പൊതുതാൽപ്പര്യം” എന്നതിന് തുല്യമല്ലെന്ന് ഡൽഹി സർവകലാശാല വാദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി 1978-ൽ ഡൽഹി സർവകലാശാലയിൽ നിന്ന് ബിരുദം നേടിയെന്നാണ് അവകാശവാദം.വിവരാവകാശ നിയമപ്രകാരം കൗതുകത്തിൻ്റെ പേരിൽ ആർക്കും വിശദാംശങ്ങൾ തേടാനാവില്ല. ബിരുദം ഒരു വിദ്യാർത്ഥിയുടെ സ്വകാര്യ വിവരമാണ്. മാർക്ക് ഷീറ്റുകൾ സർവകലാശാല സൂക്ഷിക്കുന്നത് വിദ്യാർത്ഥിയുടെ വിശ്വാസത്തിൻ്റെ അടിസ്ഥാനത്തിലാണെന്നും സർവകലാശാലയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ തുഷാർ മേത്ത കോടതിയെ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്തുള്ള പരാതിയിൽ 1978-ൽ ബിഎ പാസായ വിദ്യാർത്ഥികളുടെ രേഖകൾ പരിശോധിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഡൽഹി സർവകലാശാലയോട് വിശദാംശങ്ങൾ തേടിയിരുന്നു. ഇത് ചോദ്യം ചെയ്ത് 2017-ൽ ഡൽഹി സർവകലാശാല സമർപ്പിച്ച ഹർജിയിലാണ് തുഷാർ മേത്ത ഈ വാദം ഉന്നയിച്ചത്.