പശ്ചാത്തലസൗകര്യ വികസനത്തില്‍ പൊതുമരാമത്ത് വകുപ്പ് രാജ്യത്തിന് മാതൃകയെന്ന് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. സംസ്ഥാനസര്‍ക്കാര്‍ അഞ്ച് കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന അടൂര്‍ പി ഡബ്യൂ ഡി മൂന്ന് നില കോംപ്ലക്‌സിന്റെ നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദേഹം. പൊതുജനങ്ങളുടെ ദൈനംദിനജീവിതത്തിന്റെ ഭാഗമാണ് പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍. വകുപ്പിനെ ജനകീയമായി നിലനിര്‍ത്തുന്നത് ഉദ്യോഗസ്ഥരുടെ പ്രവർത്തനമാണ്. പ്രവൃത്തികള്‍ സുതാര്യവും ഗുണമേന്മയുള്ളതുമാണെന്ന് ഉറപ്പാക്കലാണ് പ്രധാനം. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ വകുപ്പിന്റെ നിരത്ത്- കെട്ടിട വിഭാഗങ്ങള്‍ ഒരു കുടക്കീഴിലാകും. ഇതോടെ കൂടുതല്‍ കാര്യക്ഷമമായ സേവനം ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.