തിരുവനന്തപുരത്ത് അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരു മണിക്കൂറിലധികമായി തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴയാണ് പെയ്യുന്നത്. മലയോര മേഖലയിലും തീരദേശ മേഖലയിലുമായി ശക്തമായ മഴയുണ്ട്. ഇതിന് പിന്നാലെയാണ് കാലാവസ്ഥാ കേന്ദ്രം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയിൽ ശക്തമായ മഴയിൽ പലയിടങ്ങളിലും വൈദ്യുതി ബന്ധം നിലച്ചു. വെങ്ങാനൂർ ചാവടിനടയിൽ മരം കടപുഴകി ലൈൻകമ്പികൾ പൊട്ടിവീണ് ഗതാഗതം തടസ്സപ്പെട്ടു.ജില്ലയിലുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.ഇന്ന് സംസ്ഥാനത്ത് 6 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. തൃശൂർ, മലപ്പുറം കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ 6 ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കി 8 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നിലനിൽക്കുന്നുണ്ട്. നാളെ മുതൽ വരുന്ന നാല് ദിവസം സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പും നിലവിലുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ മാസം 26 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ റെഡ് പ്രഖ്യാപിച്ചിട്ടുണ്ട്.