റിലയൻസ് ഇൻഡസ്ട്രീസിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (ആർ.സി.പി.എൽ) ഐസ്ക്രീം വിപണിയിലേക്ക് ചുവടുവെച്ചുകൊണ്ട് പുതിയ ബ്രെൻഡായ ‘ബോംബെ ക്രീമറി’ (Bombay Creamery) പുറത്തിറക്കി. ഇന്ത്യയിലെ ആദ്യത്തെ ആക്സസിബിൾ പ്രീമിയം ഡെയറി ഐസ്ക്രീം ബ്രാൻഡായി അവതരിപ്പിച്ചിരിക്കുന്ന ഇതിന്റെ വില 10 രൂപ മുതൽ ആരംഭിക്കുന്നു. കോണുകൾ, കപ്പുകൾ, ടബ്ബുകൾ, ബാറുകൾ തുടങ്ങി വിവിധ രൂപങ്ങളിൽ ലഭ്യമാകുന്ന ഈ ഐസ്ക്രീമുകൾ യഥാർത്ഥ ഡെയറി ക്രീം ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ‘ആഗോള നിലവാരം കുറഞ്ഞ നിരക്കിൽ’ എന്ന ലക്ഷ്യത്തോടെയെത്തുന്ന ഈ ഉൽപ്പന്നം ആദ്യഘട്ടത്തിൽ പടിഞ്ഞാറൻ ഇന്ത്യയിലാണ് ലഭ്യമാക്കിയിട്ടുള്ളതെങ്കിലും, വരും ദിവസങ്ങളിൽ രാജ്യവ്യാപകമായി വിപണിയിലെത്തിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്.

