അമേരിക്ക, ഇസ്രയേല്‍ – ഇറാൻ യുദ്ധത്തിന് അന്ത്യമായേക്കുമെന്ന് റിപ്പോർട്ടുകള്‍.യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ സന്നദ്ധത പ്രകടിപ്പിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഒമാൻ ഭരണകൂടം നടത്തിയ സമാധാന ചർച്ചകള്‍ക്കൊടുവിലാണ് ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന നിലപാടിലെത്തിയത്. എന്നാല്‍, യുദ്ധം അവസാനിപ്പിക്കുന്നതിനായി മൂന്ന് നിബന്ധനകളും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയൻ മുന്നോട്ടുവെച്ചിട്ടുണ്ട്.ചില നിർണായക ഉപാധികള്‍ അംഗീകരിക്കപ്പെട്ടാല്‍ മാത്രമേ യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാകൂവെന്ന് മസൂദ് പെസഷ്കിയൻ വ്യക്തമാക്കി. ഇറാനിലെ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണം, ഇനി മുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകില്ലെന്ന അന്താരാഷ്ട്ര ഉറപ്പ് ലഭിക്കണം, രാജ്യത്തിന്റെ പരമാധികാരത്തില്‍ ഇടപെടല്‍ ഉണ്ടാകരുത് എന്നീ മൂന്ന് പ്രധാന ആവശ്യങ്ങളാണ് ഇറാൻ മുന്നോട്ട് വെച്ചിരിക്കുന്നത്. ഈ ഉപാധികള്‍ അംഗീകരിച്ചാല്‍ മാത്രമേ സമാധാനത്തിലേക്ക് നീങ്ങാനാകൂവെന്നും അദ്ദേഹം പറഞ്ഞു.

