കോട്ടയം നഗരത്തിന്റെ ചരിത്രവും സാംസ്കാരിക പൈതൃകവും അടുത്തറിയുന്നതിനായി ‘റൂട്ട്സ് ആൻഡ് റോഡ്സ്’ ഓഗസ്റ്റ് 27 ന് പൈതൃക യാത്ര സംഘടിപ്പിക്കുന്നു. ‘ആധുനിക കോട്ടയത്തിന്റെ ശില്പി’ എന്ന് അറിയപ്പെടുന്ന ദിവാൻ ടി. രാമറാവുവിന്റെ കൊച്ചുമകന്റെ മകനായ ആർ. പത്മനാഭ റാവു രാവിലെ 7.30-ന് തളിയിൽ മഹാദേവ ക്ഷേത്ര വളപ്പിൽ യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. 15-ാം നൂറ്റാണ്ടിൽ തെക്കുംകൂർ രാജവംശത്തിന്റെ ഭരണത്തിൻ കീഴിൽ തളിക്കോട്ട കേന്ദ്രമാക്കി വികസിച്ച പഴയ കോട്ടയത്തെ പുരാതന വിപണികൾ, ആരാധനാലയങ്ങൾ, ചരിത്ര സ്മാരകങ്ങൾ എന്നിവ സന്ദർശിച്ചുകൊണ്ട് ആരംഭിക്കുന്ന യാത്ര, തുടർന്ന് തിരുനക്കര കേന്ദ്രീകരിച്ച് 19-ാം നൂറ്റാണ്ടു മുതൽ രൂപപ്പെട്ട ആധുനിക കോട്ടയത്തിന്റെ ചരിത്ര വഴികളിലൂടെയും പ്രമുഖ വിദ്യാഭ്യാസ-അച്ചടി സ്ഥാപനങ്ങളിലൂടെയും കടന്നുപോകും. വൈകുന്നേരം 4.30-ന് നാട്ടകത്തുള്ള അക്ഷരം മ്യൂസിയം സന്ദർശനത്തോടെ യാത്ര സമാപിക്കും.എയർകണ്ടീഷൻ ചെയ്ത ബസിലായിരിക്കും യാത്ര. ബസ് രാവിലെ 7.00 മണിക്ക് ബേക്കർ മെമ്മോറിയൽ സ്കൂൾ ഗ്രൗണ്ടിൽ നിന്ന് പുറപ്പെടും. ഭക്ഷണം സംഘാടകർ ക്രമീകരിക്കുന്നതാണ്. 45 പേർക്ക് മാത്രമാണ് പ്രവേശനം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ https://rootsandroads.online/ എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് മനീഷ് കുഴിവേലിയുമായി (ഫോൺ: 9037470750) ബന്ധപ്പെടുക.

