ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും, എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ രാഷ്ട്രിയം മാറ്റി വെച്ച് കൊണ്ട് അടിയന്തരമായി നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറിയും മുന്‍ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റ്. വയനാട് ലോക്‌സഭാ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി പ്രിയങ്കാഗാന്ധിക്കായി വോട്ടഭ്യര്‍ഥിക്കാനെത്തിയപ്പോഴായിരുന്നു സച്ചിന്‍ പൈലറ്റിന്റെ പ്രതികരണം. വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം അഞ്ച് ലക്ഷം കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സച്ചിന്‍ പൈലറ്റ് പറഞ്ഞു. പ്രിയങ്കഗാന്ധിയുടെ ശബ്ദം പാര്‍ലിമെന്റില്‍ ഉയരും. അത് കേരളത്തിനും ഭാരതത്തിനും ഗുണം ചെയ്യും. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പാഠങ്ങള്‍ ഉള്‍കൊണ്ട് വിഭജനത്തിന്റെയും സ്പര്‍ധയുടെയും രാഷ്ട്രിയം അവസാനിപ്പിക്കാന്‍ ബി ജെ പി തയ്യാറാവണമെന്നും സച്ചിന്‍ പറഞ്ഞു. ശനിയാഴ്ച രാവിലെ 11 മണിയോടെ ഉരുള്‍ദുരന്തത്തില്‍പ്പെട്ടവരെ സംസ്‌ക്കരിച്ച പുത്തുമലയിലെ പൊതുശ്മാശനത്തിലെത്തി അദ്ദേഹം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍ദുരന്തവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അഡ്വ. ടി സിദ്ധിഖ് എം എല്‍ എ അടക്കമുള്ള നേതാക്കളോട് അദ്ദേഹം ചോദിച്ചറിഞ്ഞു. തുടര്‍ന്ന് മേപ്പാടി പഞ്ചായത്തിലെ 21-ാം വാര്‍ഡ് ചെമ്പോത്തറ കോളനിയിലെത്തി വോട്ടഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിലിടത്തിലുമെത്തിയ സച്ചിന്‍ പ്രിയങ്കയ്ക്കായി വോട്ടഭ്യര്‍ഥിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരും, വിവിധ യു ഡി എഫ് നേതാക്കളും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴില്‍ സാഹചര്യത്തെ കുറിച്ചും സച്ചിന്‍ വിശദമായി തന്നെ ചോദിച്ചറിഞ്ഞു. അഡ്വ. ടി സിദ്ധിഖ് എം എല്‍ എ, ബി സുരേഷ്ബാബു, യു ഡി എഫ് മേപ്പാടി പഞ്ചായത്ത് കണ്‍വീനര്‍ ഒ ഭാസ്‌ക്കരന്‍, കണ്‍വീനര്‍ പി കെ അഷ്‌റഫ്, ഗൗതം ഗോകുല്‍ദാസ് തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.