കവിതിലകൻ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ പ്രതിമ ഇന്ന് അനാച്ഛാദനം ചെയ്യും. ഇന്ന് രാവിലെ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അനാച്ഛാദന കർമ്മം നിർവ്വഹിക്കും. കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരക കലാമന്ദിരത്തിനു സമീപം കോട്ടയം പള്ളിപ്പുറത്തു കാവിനു മുന്നിലെ അരയാലിൻ ചുവട്ടിലാണ് പ്രതിമയുടെ സ്ഥാനം.മാന്നാർ രതീഷാണ് ശിൽപി. അഞ്ച് മാസംകൊണ്ട് പണി പൂർത്തിയായി. 450 കിലോഗ്രാം തൂക്കംവരും.ഏഴടി ഉയരം.
കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരകട്രസ്റ്റും പള്ളിപ്പുറത്തുകാവ് ദേവസ്വവും കൊട്ടാരത്തിൽ കുടുംബാംഗങ്ങളും ചേർന്നാണ് പ്രതിമ ഒരുക്കിയത്. രാവിലെ 9.30-ന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ സമ്മേളനത്തിൽ കേരള ഗവർണർ മുഖ്യാതിഥി ആയിരിക്കും. മലയാള സാഹിത്യ പരിപോഷണത്തിന് ആയുഷ്കാലം പ്രയത്നിച്ച എഴുത്തുകാരനും മലയാളത്തിലെ ഉത്കൃഷ്ടകൃതിയായ ഐതിഹ്യമാലയുടെ രചയിതാവുമാണ് കൊട്ടാരത്തിൽ ശങ്കുണ്ണി.കവി, ഗദ്യകാരൻ, പണ്ഡിതൻ, പത്രപ്രവർത്തകൻ, വൈദ്യശാസ്ത്ര നിപുണൻ, അധ്യാപകൻ, അനുഷ്ഠാന കലയായ തീയ്യാട്ടു കലാകാരൻ, സാഹിത്യപ്രവർത്തകൻ തുടങ്ങി നിലകളിൽ പ്രവർത്തിച്ചു.