ഒളിംപിക്സ് മാതൃകയിൽ എറണാകുളത്ത് നടത്തപ്പെടുന്ന ഈ വർഷത്തെ സ്കൂൾ കായികമേളയിൽ എല്ലാ വർഷത്തേയും പോലെ അന്താരാഷ്ട്ര പ്രോട്ടോകോൾ പ്രകാരമുള്ള ഗ്രൗണ്ട് ഫിസിയോതെറാപ്പി സേവനം ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോതെറാപ്പിറ്റ്സ് ( IAP ) നൽകുന്നതായിരിക്കുമന്ന് സംസ്ഥാന പ്രസിഡൻ്റ് ശ്രീജിത്ത് എം നമ്പൂതിരി അറിയിച്ചു.
ഇതിനായി IAP എറണാകുളം കൺവീനർ അരുൺ കുമാർ T, സെക്രട്ടറി സോണി പോൾ, ട്രഷറർ തോമസ് മില്ലറ്റ് എന്നിവരുടെ നേതൃത്വത്തിൽ ഈ രംഗത്ത് പ്രാവീണ്യം നേടിയിട്ടുള്ള പ്രഗൽഭരായ 40 ഓളം ഫിസിയോതെറാപ്പിസ്റ്റുകൾ വിവിധ വേദികളിൽ സേവനം നൽകും. ബി.സി. എഫ്, ലിറ്റിൽ ഫ്ലവർ, മെഡിക്കൽ ട്രസ്റ് തുടങ്ങിയ ഫിസിയോതെറാപ്പി കോളേജുകളിൽ നിന്നുള്ള അകമഴിഞ്ഞ പിന്തുണയും ഇതിനായി ലഭിക്കുന്നതായിരിക്കും.
കഴിഞ്ഞ വർഷങ്ങളിൽ ഈ സേവനം വഴി നൂറുകണക്കിന് കായികതാരങ്ങൾക്ക് ഇനങ്ങൾക്കിടയിലുണ്ടായ പേശീവലിവുകൾ, ഉളുക്ക്, ചതവ് തുടങ്ങിയ പ്രശ്നങ്ങൾക്ക് മികച്ച ചികിത്സ നൽകുവാൻ സാധിച്ചു. ഇതോടൊപ്പം തന്നെ പരിക്കുകൾ വരാതിരിക്കാനുള്ള പ്രതിരോധ മാർഗ്ഗങ്ങൾ കായിക താരങ്ങൾക്ക് നിർദ്ദേശിക്കുവാനും കഴിഞ്ഞു. ഇത്തവണയും കായിക താരങ്ങൾക്കാവശ്യമായ എല്ലാ സേവനങ്ങളും മികച്ച രീതിയിൽ തന്നെ നൽകുവാനുള്ള ക്രമീകരണങ്ങളാണ് സംഘടനയുടെ നേതൃത്വത്തിൽ നടത്തിയിട്ടുള്ളത്.