തിരുവനന്തപുരത്ത് ട്രെയിനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം. രാജ്യറാണി എക്സ്പ്രസിൽ യാത്ര ചെയ്തിരുന്ന പതിനാറുകാരിയെയാണ് യുവാവ് ഉപദ്രവിച്ചതായി പരാതി ഉയർന്നത്. സംഭവത്തിൽ വർക്കല ഇടവ സ്വദേശി അരവിന്ദിനെ (22) റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു.തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിൽ ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ട്രെയിനിലെ ശുചിമുറിയിൽ നിന്ന് പുറത്തിറങ്ങിയ പെൺകുട്ടിയോട് യുവാവ് മോശമായി പെരുമാറിയെന്നാണ് പരാതി. പെൺകുട്ടി ബഹളംവച്ചതോടെ കുടുംബാംഗങ്ങളും സഹയാത്രക്കാരും ഓടിയെത്തി യുവാവിനെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.സഹോദരിയുടെ വിദ്യാഭ്യാസ ആവശ്യത്തിനായി കുടുംബാംഗങ്ങൾക്കൊപ്പം തിരുവനന്തപുരത്തേക്ക് വരികയായിരുന്നു പെൺകുട്ടി. വയനാട്ടിലെ ഹോട്ടലിൽ ജോലി ചെയ്തിരുന്ന പ്രതി സ്ഥലംമാറ്റത്തെ തുടർന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെയാണ് സംഭവമുണ്ടായതെന്നാണ് പൊലീസ് നൽകുന്ന വിവരം.ദിവസങ്ങൾക്ക് മുമ്പ് തിരുവനന്തപുരം പേട്ട റെയിൽവേ സ്റ്റേഷനിലും ട്രെയിൻ യാത്രയ്ക്കിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടന്നിരുന്നു. ഈ സംഭവത്തിൽ ആറ്റിങ്ങൽ സ്വദേശിയെ പൊലീസ് പിടികൂടിയിരുന്നു.

