ജയദേവവർമ്മ
ചന്ദ്രദാസ് ബീച്ചിലൂടെ പോകുന്ന ഓരോ സുന്ദരിയെപ്പറ്റിയും ഭാര്യയ്ക്ക് വർണ്ണിച്ചു കൊടുക്കുകയാണ്.
ചന്ദ്രമതി ശ്വാസം നിലച്ചതുപോലെ ഭർത്താവിനെ നോക്കി.
വിവാഹം കഴിഞ്ഞിട്ട് നാല് മാസമേ ആയൊള്ളു. എന്നാലും ഭർത്താവിനെപ്പറ്റിയുള്ള മതിപ്പൊക്കെ പോയിത്തുടങ്ങി.
വലിയ ചിട്ടയിൽ വളർന്നവളാണ് ചന്ദ്രമതി. അതുകൊണ്ട് സെക്‌സിൽ പോലും ചില അബദ്ധധാരണകൾ അവൾക്കുണ്ടായിരുന്നു. ചന്ദ്രദാസ് ആകട്ടെ പരിചയസമ്പന്നനും.
”നമുക്ക് പോകാം ചന്ദ്രേട്ടാ…”
”നമ്മൾ വന്നതല്ലേയുള്ളൂ മോളേ… നിനക്കും എന്നെപ്പോലെ സമയം കളയാൻ പറ്റും.”
”എങ്ങനെ.”
”ഞാൻ സുന്ദരിമാരെ ശ്രദ്ധിക്കുമ്പോൾ നിനക്കെന്തുകൊണ്ട് സുന്ദരന്മാരെ നോക്കിക്കൂടാ? ഞാൻ ഫ്രീ മൈന്റുള്ള ആളാണെന്ന് നിനക്കറിയരുതോ.”
അവൾ രൂക്ഷമായി ചന്ദ്രദാസിനെ നോക്കി.
ദൈവമേ ഇങ്ങനെയൊരാളെയാണല്ലോ അച്ഛൻ എനിക്കുവേണ്ടി?
ഓഫീസ് വിട്ടുവന്നാൽപ്പിന്നെ ചന്ദ്രദാസ് തന്റെ സമയം മുഴുവൻ ചിലവഴിക്കുക ഇന്റർനെറ്റിലാണ്.
മാസങ്ങൾ കടന്നുപൊയ്‌ക്കൊണ്ടിരുന്നു.വിരസമായി
ചന്ദ്രദാസ് ഭാര്യയെയും ചാറ്റിങ് പഠിപ്പിച്ചു.
ചന്ദ്രമതിക്ക് കമ്പ്യൂട്ടർ ഒരാശ്വാസമായി. അവളും മറ്റൊരു ലോകത്തായി.
അവർ തമ്മിൽ സംസാരിക്കാതെയായി.
മാസങ്ങൾക്കുശേഷമുള്ള ഒരു വൈകുന്നേരം.
അന്നും പതിവുപോലെ ചന്ദ്രദാസ് ബീച്ചിൽ ഇരിക്കുകയായിരുന്നു.
സൂര്യൻ അസ്തമിച്ചു കഴിഞ്ഞു.
നിഴൽ വീണുതുടങ്ങിയ കടൽത്തീരം.
എങ്കിലും തിരക്കുതന്നെ.
ഒരു വേള ഒരു സ്ത്രീയും പുരുഷനും ചന്ദ്രദാസിനെ കടന്നുപോയി.
ആ സ്ത്രീയുടെ താളാത്മകചലനങ്ങൾ ചന്ദ്രദാസിനെ അത്ഭുതപ്പെടുത്തി.
ഹോ!….അവളുടെ മുഖം കാണാൻ പറ്റിയില്ലല്ലോ.
അയാൾ അവൾക്കു പുറകെ ഓടിച്ചെന്നു.
അവൾ ഒരു കാറിൽ കയറുകയായിരുന്നു അപ്പോൾ.
ങേ! അത് ചന്ദ്രമതിയാണോ?
കാർ ഇരമ്പി പാഞ്ഞുപോയി.
ചന്ദ്രദാസിന് ആകെ അസ്വസ്ഥതതോന്നി.
തന്നിലെ വിശാലഹൃദയനായ ഭാർത്താവിന് മാറ്റം വന്നതായി അയാൾക്ക് മനസ്സിലായി.
അയാൾ വേഗം വീട്ടിലേക്ക് ബൈക്ക് പായിച്ചു.
അവൾ തന്നെയാണോ അത്?
ചുറ്റും പ്രകാശമാനമായ കോളനിയിൽ തന്റെ വീടുമാത്രം അന്ധകാരത്തിൽ ആണ്ടുകിടക്കുന്നത് അയാൾകണ്ടു.
അവൾ പോയിരിക്കുന്നു!
ചന്ദ്രദാസ് ഉമ്മറത്ത് തളർന്നിരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ വാതിൽ തുറക്കുന്ന ശബ്ദംകേട്ട് അയാൾ ഞെട്ടിത്തിരിഞ്ഞു.
ഇരുട്ടിൽ നിൽക്കുന്ന ചന്ദ്രമതിയെ വിശ്വാസം വരാതെ അയാൾ നോക്കി
”ഫ്യൂസ് പോയതാണെന്നു തോന്നുന്നു ചന്ദ്രേട്ടാ .”
അവൾ പറഞ്ഞത് അയാൾ കേട്ടില്ല.
ചന്ദ്രദാസ് മറ്റൊരു ലോകത്തായിരുന്നു.
അയാൾ അവളെ തന്റെ കൈകളിൽ കോരിയെടുത്തു അകത്തേക്കു നടന്നു.
പെട്ടെന്നുണ്ടായ ഭർത്താവിന്റെ മാറ്റം അവളെ അമ്പരപ്പിച്ചെങ്കിലും അവൾ കുതറിമാറാനൊന്നും പോയില്ല.