സംസ്ഥാനത്ത് വിവിധസ്ഥലങ്ങളിലായി മുടങ്ങിക്കിടക്കുന്ന ജലവൈദ്യുത പദ്ധതികൾ എത്രയുംവേഗം പൂർത്തിയാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് വൈദുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി.
മൂലമറ്റം കെ എസ് ഇ ബി സർക്യൂട്ട് ഹൗസിൽ കെ എസ് ഇ ബി ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. 300 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുന്ന പദ്ധതികളുടെ നിർമ്മാണ പ്രവൃത്തികളുടെ അനിശ്ചിത്വം പരിഹരിക്കാനും, കാര്യങ്ങൾ വിലയിരുത്തുന്നതിനുമാണ് നിയമസഭാ സബ്ജക്ട് കമ്മറ്റി പള്ളിവാസലിലും മൂലമറ്റത്തും സന്ദർശനം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. പീക്ക് സമയങ്ങളിൽ വലിയ വില കൊടുത്താണ് കേരളം വൈദ്യുതി വാങ്ങുന്നത്. മുടങ്ങി കിടക്കുന്ന പദ്ധതികൾ പൂർത്തീകരിച്ചാൽ പ്രശ്നം ഒരു പരിധി വരെ പരിഹരിക്കാൻ കഴിയും. ഉദ്യോഗസ്ഥ ചർച്ചയിൽ നിന്നും ഒത്തിരി കാര്യങ്ങൾ കമ്മറ്റിക്ക് ബോധ്യമായിട്ടുണ്ട്. ആ വിഷയങ്ങൾ അടുത്ത കമ്മിറ്റി ചർച്ച ചെയ്ത് തീരുമാനമെടുക്കും. മന്ത്രി കെ കൃഷ്ണൻകുട്ടിയ്ക്ക് പുറമെ അംഗങ്ങളായ വാഴൂർ സോമൻ, പി നന്ദകുമാർ, എ പ്രഭാകരൻ, കെ കെ രാമചന്ദ്രൻ, അൻവർ സാദത്ത് എന്നിവരും പങ്കെടുത്തു. ഇടുക്കി ജില്ലയിലെ രണ്ട് ദിവസം നീണ്ടുനിന്ന പരിപാടിയിൽ പള്ളിവാസൽ , ഇടുക്കി ഡാമുകൾ,മൂലമറ്റം പവർഹൗസ് എന്നിവിടങ്ങളാണ് നിയമസഭാ സബ്‌ജക്ട് കമ്മിറ്റി സന്ദർശിച്ചത്.