2008 നവംബർ 26 ലെ മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതികളിലൊരാളായ പാക്ക് വംശജൻ തഹാവൂർ റാണയെ (64) ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) കസ്റ്റഡിയില്‍ വിട്ടു. പട്യാല ഹൗസ് കോടതിയിലെ പ്രത്യേക എൻഐഎ ജഡ്ജി ചന്ദേർ ജിത് സിങ്ങാണ്
റാണയെ 18 ദിവസത്തേക്കാണ് എൻഐഎ കസ്റ്റഡിയില്‍ വിട്ടത്. രാത്രി പത്തരയോടെയാണ് ഇയാളെ പട്യാല ഹൗസ് കോടതിക്ക് മുന്നില്‍ ഹാജരാക്കിയത്, തുടർന്ന് എൻഐഎ ആസ്ഥാനത്തേക്കു കൊണ്ടുപോയി. ഡല്‍ഹി സംസ്ഥാന ലീഗല്‍ സർവീസസ് അതോറിറ്റി ഏർപ്പെടുത്തിയ അഭിഭാഷകൻ പിയുഷ് സച്ച്‌ദേവ റാണയ്‌ക്കു വേണ്ടി കോടതിയില്‍ ഹാജരായിരുന്നു.മണിക്കൂറുകള്‍ നീണ്ട വാദംകേള്‍ക്കലിന് ശേഷം വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് കോടതി റാണയെ കസ്റ്റഡിയില്‍ വിട്ടുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. 20 ദിവസത്തെ കസ്റ്റഡി ആയിരുന്നു എന്‍ഐഎ ആവശ്യപ്പെട്ടിരുന്നത്.ഇന്ത്യയ്‌ക്കു കൈമാറുന്നതിനെതിരെ റാണ നല്‍കിയ ഹർജി യുഎസ് സുപ്രീം കോടതി തള്ളിയതോടെയാണ് ഇയാളെ ഇന്ത്യയില്‍ എത്തിച്ചത്.
ഫെബ്രുവരി മുതല്‍ യുഎസിലുണ്ടായിരുന്ന എൻഐഎ സംഘത്തിന്റെ നേതൃത്വത്തില്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ , ഇന്നലെ വൈകിട്ട് ആറരയോടെ റാണയെ ഡല്‍ഹി വിമാനത്താവളത്തിലെത്തിച്ച്, ഇവിടെ വച്ച് അറസ്റ്റ് രേഖപ്പെടുത്തുകയും 2 മണിക്കൂറോളം ചോദ്യം ചെയ്യുകയും ചെയ്തു.യുഎസ് കോടതിയില്‍ എൻഐഎക്കു വേണ്ടി ഹാജരായ അഡ്വ. ദായൻ കൃഷ്ണൻ ആയിരിക്കും ഇന്ത്യയിലെ വിചാരണയില്‍ എൻഐഎ പ്രോസിക്യൂഷൻ സംഘത്തെ നയിക്കുക. അഡ്വ. നരേന്ദർ മാനിനെ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായും ആഭ്യന്തര മന്ത്രാലയം നിയമിച്ചിട്ടുണ്ട്.