എൻ.എച്ച്.എം ഡയറക്ടറുമായും പിന്നാലെ ആരോഗ്യമന്ത്രിയുമായും നടത്തിയ ചർച്ചകള്‍ പരാജയപ്പെട്ടതോടെ ആശാ വർക്കർമാർ ഇന്നു മുതല്‍ നിരാഹാര സമരത്തിലേക്ക്. അസോസിയേഷൻ ജനറല്‍ സെക്രട്ടറി എം.എ.ബിന്ദു, ആശാപ്രവർത്തകരായ തങ്കമണി, ഷീജ എന്നിവരാണ് ഇന്ന് രാവിലെ 11 മുതല്‍ സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലില്‍ നിരാഹാരമിരിക്കുക.ഓണറേറിയം വർദ്ധിപ്പിക്കുക, പെൻഷൻ ആനുകൂല്യം ഏർപ്പെടുത്തുക തുടങ്ങിയ വിഷയങ്ങളില്‍ ഉറപ്പുനല്‍കാൻ ചർച്ചയില്‍ സർക്കാർ തയ്യാറായില്ലെന്ന് കേരള ആശ ഹെല്‍ത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. മിനി പറഞ്ഞു.
ഇന്നലെ ഉച്ചയ്ക്ക്നാഷണല്‍ ഹെല്‍ത്ത് മിഷൻ കേരള ഘടകത്തിന്റെ ഓഫീസിലാണ് എൻ.എച്ച്.എം ഡയറക്ടർ വിനയ് ഗോയലുമായി ചർച്ച നടന്നത്. സർക്കാരിന് പണമില്ലെന്നും സമയം കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓണറേറിയം വർദ്ധിപ്പിക്കണമെന്ന ആവശ്യം ചർച്ച ചെയ്തില്ല.തിരിച്ചെത്തിയ സമരക്കാർ മുദ്രവാക്യം മുഴക്കി പ്രതിഷേധജാഥ നടത്തുന്നതിനിടെയാണ് ആരോഗ്യമന്ത്രി ചർച്ചയ്‌ക്ക് വിളിച്ചത്. നിയമസഭയിലെ മന്ത്രിയുടെ ക്യാബിനിലായിരുന്നു ചർച്ച. കാര്യങ്ങള്‍ യാഥാർത്ഥ്യബോധത്തോടെ കാണണമെന്നും പിരിഞ്ഞുപോകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സമരക്കാർ വഴങ്ങിയില്ല. നിരാഹാര സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ കണ്ണില്‍പൊടിയിടാനുള്ള ചർച്ച മാത്രമായിരുന്നു ഇതെന്ന് സമരക്കാർ ആരോപിച്ചു. മന്ത്രിയുമായുള്ള ചർച്ച പരാജയപ്പെട്ടശേഷവും സമരക്കാർ പ്രകടനം നടത്തി.