ബിജെപി സർക്കാർ വന്നതിനുശേഷം കേരളം വിസ്മരിക്കപ്പെട്ട രീതിയിലായെന്ന് കെപിസിസി സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ. എന്താണ് കേരളത്തിനായി കേന്ദ്രം നൽകിയിരിക്കുന്നത്. പറഞ്ഞ വാക്കെങ്കിലും പാലിക്കാൻ സാധിക്കണം.കേരളത്തിൽ എന്തെങ്കിലും കിട്ടിയിട്ടുണ്ടെങ്കിൽ ബിജെപിയുടെ മന്ത്രിമാരോ എംപിമാരോ നേതാക്കളോ അത് പറയട്ടെ. വാക്ക് പാലിക്കുന്ന സ്വഭാവം ബിജെപി സർക്കാറിന് ഇല്ല. ഇന്ത്യയിലെ പ്രധാന പ്രശ്നങ്ങളിൽ ഒന്ന് തൊഴിലില്ലായ്മയാണ്. അത് പരിഹരിക്കാൻ ഒന്നും കാണുന്നില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി.അതേസമയം കേന്ദ്ര ബജറ്റ് നിരാശജനകമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ബിജെപി ഭരണ സംസ്ഥാനങ്ങളേ പരിഗണിച്ചു. ബിജെപി ഇതര സംസ്ഥാനങ്ങളെ അവഗണിച്ചു. മധ്യവർഗ്ഗത്തേ പരിഗണിച്ചു എന്ന പ്രതീതി ഉണ്ടാക്കി.കാർഷിക മേഖലയെ അവഗണിച്ചു. വയനാട് പാക്കേജ് ഇല്ല. വിഴിഞ്ഞം തുറമുഖത്തിന് സഹായം ഇല്ല. ഇടത്തരം ചെറുകിട സംരംഭങ്ങളേ അവഗണിച്ചുവെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.കേന്ദ്ര ബജറ്റിൽ നിരാശ രേഖപ്പെടുത്തി മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎയും രംഗത്തെത്തി. ഇത്രയ്ക്ക് നിരാശയാ ജനകമായ ബജറ്റ് ഇതിന് മുൻപ് ഉണ്ടായിട്ടില്ല. കേരളത്തെ പരിപൂർണമായി അവഗണിച്ചു. ഈ ബജറ്റിലെങ്കിലും വയനാടിന് എല്ലാവരും സഹായം പ്രതീക്ഷിച്ചു. ബിഹാറിന് വാരിക്കോരി കൊടുത്ത കേന്ദ്രം പക്ഷേ വയനാടിന് ഒന്നും നൽകിയില്ലെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.