ജസ്പ്രീത് ബുംറയുടെ ബൗളിങ് കരുത്തില്‍ നേടിയ ആധിപത്യം അവസാനം കൈവിട്ട് ഇന്ത്യ. ബോക്‌സിങ് ഡേ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ നാലാം ദിനത്തിലെ കളിനിര്‍ത്തുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സെന്ന നിലയിലാണ് ഓസീസ്. 333 റണ്‍സിന്റെ മികച്ച ലീഡാണ് ഇതോടെ ആതിഥേയര്‍ സ്വന്തമാക്കിയത്. 173 റണ്‍സില്‍ ഓസീസിന്റെ ഒമ്പതാം വിക്കറ്റ് വീഴ്ത്തിയ ഇന്ത്യക്ക് നേഥന്‍ ലയണ്‍, സ്‌കോട്ട് ബോളണ്ട് എന്നിവര്‍ ചേര്‍ന്നാണ് ഭീഷണിയായത്. അവസാന സെഷനിലെ 18 ഓവര്‍ ബാറ്റ് ചെയ്ത ഇരുവരും ചേര്‍ന്ന് 55 റണ്‍സ് എടുത്തു. ഇതോടെയാണ് ഓസ്‌ട്രേലിയന്‍ ലീഡ് 300 കടന്നത്. 54 പന്തില്‍ നിന്നും 41 റണ്‍സ് എടുത്ത ലയണും 65 പന്തില്‍ നിന്ന് പത്ത് റണ്‍സ് എടുത്ത ബോളണ്ടും തമ്മിലെ കൂട്ടുക്കെട്ട് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് പൊളിക്കാനായില്ല. നാലാം ദിനം നാലു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും മൂന്നു വിക്കറ്റ് നേടിയ മുഹമ്മദ് സിറാജും ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയിരുന്നു. 139 പന്തില്‍ നിന്ന് 70 റണ്‍സെടുത്ത മാര്‍നസ് ലബുഷെയ്നും 90 പന്തില്‍ 41 റണ്‍സെടുത്ത ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സുമാണ് നാലാം ദിനത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തത്.