പത്തനംതിട്ടയിൽ 13 വയസുമുതൽ പീഡനം നേരിട്ട കായികതാരമായ പെൺകുട്ടിയെ ബാലാവകാശ കമ്മിഷൻ സന്ദർശിച്ചു; എൻ.സുനന്ദ കോന്നിയിലെ ഷെൽറ്റർ ഹോമിലെത്തിയാണ് കുട്ടിയെ കണ്ടത്. കുട്ടിക്ക് ആവശ്യമായ വൈദ്യ സഹായം ലഭിക്കുന്നുണ്ട്. ആശ്വാസനിധിയിൽ നിന്നും എത്രയും വേഗം ധനസഹായം അനുവദിക്കാൻ ജില്ലാ ശിശു സംരക്ഷണ ഓഫീസർക്ക് കമ്മിഷൻ നിർദ്ദേശം നൽകി. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. കേസിൽ ഉൾപ്പെട്ട ഒരാളും രക്ഷപ്പെടാതെയുള്ള പഴുതടച്ച അന്വേഷണമാണ് നടക്കുന്നതെന്ന് പ്രത്യേക അന്വേഷണ സംഘവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം കമ്മിഷൻ അംഗം പറഞ്ഞു.