ക്ഷേമ പെൻഷൻ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുന്ന പദ്ധതി തിടുക്കത്തില്‍ നടപ്പാക്കില്ലെന്ന് സർക്കാർ.ഗുണഭോക്താക്കള്‍ക്ക് ബാങ്ക് അക്കൗണ്ട് എടുക്കുന്നതിന് മതിയായ സമയം നല്‍കും. ഓണത്തിനുള്‍പ്പെടെ ക്ഷേമപെൻഷൻ വിതരണം നിലവിലെ രീതിയില്‍ തന്നെ തുടരും.ബാങ്ക് വഴിയുള്ള വിതരണം എന്ന തീരുമാനം തത്വത്തില്‍ എടുക്കുക മാത്രമേ ചെയ്തിട്ടുള്ളു എന്നും ധനകാര്യ വകുപ്പ് വൃത്തങ്ങള്‍ വിശദീകരിക്കുന്നു. ക്ഷേമ പെൻഷൻ ബാങ്ക് വഴി ആക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരുന്നു.നേരിട്ടുള്ള ക്ഷേമ പെൻഷൻ വിതരണം ഒഴിവാക്കുന്നതില്‍ വിശദീകരണമായി രംഗത്തെത്തിയിരുന്നു. വിതരണം ചെയ്യാത്ത തുക തിരിച്ചടയ്ക്കുന്നതിലുണ്ടാകുന്ന കാലതാമസവും അർഹതയില്ലാത്തവർ, ഒന്നില്‍ കൂടുതല്‍ പെൻഷൻ വാങ്ങുന്നവർ എന്നിവരെ ഒഴിവാക്കാനുമാണ് നടപടിയെന്നുമാണ് സർക്കാരിന്‍റെ വിശദീകരണം. കേന്ദ്ര സഹായം നഷ്‌ടപ്പെടുന്നത് ഒഴിവാക്കാനാണ് ബാങ്ക് വഴി വിതരണമെന്നും വിശദീകരണത്തിലുള്‍പ്പെടുന്നു.

