സെസും ഫീസും അടക്കം നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന നയരേഖ ഇന്ന് സിപിഎം സംസ്ഥാന സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. ജില്ല കമ്മിറ്റികള്‍ അഭിപ്രായം അറിയിക്കും. പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ ചര്‍ച്ചയില്‍ എംവി ഗോവിന്ദന്റെ മറുപടിയും ഇന്നുണ്ടാകും. സ്വകാര്യ നിക്ഷേപങ്ങള്‍ക്കും സ്വകാര്യ വത്കരണത്തിനും നിരവധി നിര്‍ദേശങ്ങള്‍ അടങ്ങിയ നയരേഖയിലെ നിര്‍ദേശങ്ങള്‍ ചര്‍ച്ചയ്ക്ക് മുമ്ബേ പിന്തുണ നല്‍കുന്ന സൂചനയാണ് പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍ ദേശാഭിമാനിയില്‍ എഴുതിയിരിക്കുന്ന ലേഖനത്തില്‍ സ്വീകരിച്ചിരിക്കുന്നത്.
നയരേഖയില്‍ പറയുന്ന പ്രത്യേക ഫീസും സെസും സാധാരണക്കാരെ ബാധിക്കില്ലെന്നും വികസനത്തിന് പണം വേണമെന്നും പണമില്ലെന്ന പേരില്‍ വികസനം മുടക്കാനാകില്ലെന്നുമാണ് എം.വി. ഗോവിന്ദന്‍ ലേഖനത്തില്‍ നല്‍കുന്ന സൂചന. തുടര്‍വികസന ലക്ഷ്യങ്ങളാണ് പിണറായി അവതരിപ്പിച്ച രേഖ മുന്നോട്ടുവയ്ക്കുന്നത്. ഇതെല്ലാം പ്രാവര്‍ത്തികമാക്കണമെങ്കില്‍ പണം ആവശ്യമാണ്. ഇതിനായി അധിക വിഭവസമാഹരണം നടത്തണം തുടങ്ങിയ നിര്‍ദേശങ്ങളുടെ കൂട്ടത്തിലാണ് സെസുകള്‍ ചുമത്തുന്നതിനുള്ള സാധ്യത പരിശോധിക്കുന്നത്.
സമ്ബന്ന വിഭാഗങ്ങള്‍ക്ക് എല്ലാ സൗജന്യങ്ങളും നല്‍കേണ്ടതുണ്ടോ എന്ന ചോദ്യം ഉയര്‍ത്തുന്ന രേഖയില്‍ വരുമാനത്തിന് അനുസരിച്ച് പ്രത്യേക ഫീസ് എന്ന ആശയം മുന്നോട്ടുവെച്ചിട്ടുണ്ട്. ഇത് സാധാരണ ജനങ്ങളെ ദോഷകരമായി ബാധിക്കില്ലെന്നുമാണ് ലേഖനത്തില്‍ പറയുന്നത്. കേന്ദ്രം കേരളത്തെ അവഗണിച്ചാലും പണമില്ലെന്ന് പറഞ്ഞ് വികസന പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും പറയുന്നു.

