നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ ശരീരത്തില്‍ നാലിടത്ത് ചതവുകളുണ്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മുഖത്തും മൂക്കിലും തലയിലുമടക്കം നാലിടത്ത് ചതവുകളുണ്ടെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. എന്നാല്‍ ഈ ചതവുകള്‍ മരണകാരണമായിട്ടില്ലെന്നാണ് സൂചന.
ഗോപന് ലിവർ സിറോസിസ് ഉണ്ടായിരുന്നു. കൂടാതെ വൃക്കകളില്‍ സിസ്റ്റും ഹൃദയധമനികളില്‍ 75 ശതമാനത്തോളം ബ്ലോക്കും ഉണ്ടായിരുന്നു. രാസപരിശോധനാഫലം വന്നാല്‍ മാത്രമേ യഥാർത്ഥ മരണകാരണം വ്യക്തമാകുകയുള്ളൂ. ശ്വാസകോശത്തില്‍ ഭസ്മം നിറഞ്ഞിരുന്നു. ഇത് ഭാര്യയും മക്കളും സമാധി എന്ന പേരില്‍ സംസ്‌കരിച്ചപ്പോള്‍ ഉണ്ടായതാകാം.
ജനുവരി ഒൻപതിനാണ് ഗോപൻ മരിച്ചത്. അച്ഛന്റെ ആഗ്രഹപ്രകാരം സമാധിയിരുത്തിയെന്നായിരുന്നു ഇയാളുടെ മക്കള്‍ പറഞ്ഞത്. മരണത്തില്‍ സംശയമുന്നയിച്ച് നാട്ടുകാർ പരാതി നല്‍കി. ഹൈക്കോടതിയടക്കം സംഭവത്തില്‍ ഇടപെട്ടതോടെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തുകയായിരുന്നു. കല്ലറയില്‍ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ചുറ്റും ഭസ്മവും പൂജാ ദ്രവ്യങ്ങളും ഉണ്ടായിരുന്നു. ഹൃദയഭാഗം വരെ പൂജാദ്രവ്യങ്ങള്‍ നിറച്ച നിലയിലായിരുന്നു. തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോർട്ടം ചെയ്തു. ഇതിനുശേഷം വീണ്ടും സംസ്‌കരിച്ചു.