അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കാനുള്ള ജി. സുധാകരന്റെ തീരുമാനം നാടകമെന്ന് എച്ച്. സലാം എംഎൽഎ.അരങ്ങേറുന്ന നാടകത്തിൻ്റെ ഒരു രംഗം മാത്രമേ ഇപ്പോൾ കണ്ടിട്ടുള്ളൂ എന്നും രണ്ടു രംഗങ്ങൾക്കൂടി വരാനുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.അതിൽ ഒന്ന് യുഡിഎഫിന്റേതാണ്, പിന്നൊന്ന് ബിജെപിയുടേതാണ്. വളരെയേറെ ആലോചിച്ച് പ്ലാൻചെയ്ത കാര്യമാണ് നടന്നുകൊണ്ടിരിക്കുന്നത്. ആ രണ്ടുരംഗങ്ങൾക്കൂടി അവതരിപ്പിച്ചതിനു ശേഷം കൂടുതൽ കാര്യങ്ങൾ പറയാമെന്നും എച്ച്. സലാം പറഞ്ഞു.
ജി. സുധാകരൻ്റെ നിലപാടിൻ്റെ പേരിൽ പാർട്ടിക്ക് ഒന്നും സംഭവിക്കില്ല. പാർട്ടി അണികൾ പാർട്ടിയുടെ ഭാഗത്തുതന്നെ ആയിരിക്കും. അമ്പലപ്പുഴ ഏരിയയിൽനിന്ന് 15 പേർ പോലും പാർട്ടിയിൽനിന്ന് പോകില്ലെന്നും സലാം പറഞ്ഞു. സുധാകരന് യുഡിഎഫിൻ്റെ പിന്തുണ കിട്ടുമോ എന്ന ചോദ്യത്തിന്, അത്തരം കാര്യങ്ങളെല്ലാം പ്ലാൻചെയ്‌ത് വെച്ചിരിക്കുകയാണന്നും സലാം പറഞ്ഞു.ഒരാൾ പാർട്ടിയെ ചതിച്ച് ഇങ്ങനെയൊരു നിലപാടിലേക്കെത്തിയാൽ അവരെ എങ്ങനെയാണ് നേരിടേണ്ടതെന്ന് ജി. സുധാകരൻതന്നെ മുൻകാലങ്ങളിൽ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. ജനങ്ങളെ അണിനിരത്തി ഇത്തരം കാര്യങ്ങളെ ശക്തമായി നേരിടുമെന്നും സലാം പറഞ്ഞു.

