സൂപ്പർ ഹിറ്റ് ചിത്രം ദൃശ്യത്തിന് മൂന്നാം ഭാഗം വരുന്നു. നടൻ മോഹന്‍ലാല്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ദൃശ്യത്തിന്റെ മൂന്നാം ഭാഗം വരുന്ന വിവരം സ്ഥിരീകരിച്ചത്.ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല’ എന്ന ടാഗ് ലൈനോടുകൂടിയാണ് പോസ്റ്റ് പങ്കുവെച്ചത്.2013ല്‍ ജീത്തു ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച് മോഹന്‍ലാലും മീനയും പ്രധാനവേഷങ്ങളിലെത്തിയ മലയാളം ക്രൈം ത്രില്ലര്‍ ചലച്ചിത്രമാണ് ദൃശ്യം. ഒരു കൊലപാതകവും അതുമായി ബന്ധപ്പെട്ട അന്വേഷണവും അത് മറച്ച് വെക്കാനുള്ള നായക കഥാപാത്രത്തിന്റേയും കുടുംബത്തിന്റേയും ശ്രമങ്ങളുമെല്ലാം പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ഒരുക്കിയ ചിത്രമായിരുന്നു ദൃശ്യം.രണ്ടാം ഭാഗവും ഇതിന്റെ തുടര്‍ച്ചയായിരുന്നു. 2021 ലാണ് ദൃശ്യത്തിന്റെ രണ്ടാംഭാഗം എത്തിയത്. ആമസോണ്‍ പ്രൈം വിഡിയോയിലൂടെ നേരിട്ട് സ്ട്രീം ചെയ്ത സിനിമ ഭാഷാഭേദമന്യേ സിനിമാ പ്രേമികള്‍ ഒന്നടങ്കം ഏറ്റെടുക്കുന്ന കാഴ്ചയാണ് കണ്ടത്.ദൃശ്യം 2 സൂപ്പർഹിറ്റായതിനുശേഷം ഏറ്റവും കൂടുതല്‍ തവണ പ്രേക്ഷകർ ആവർത്തിച്ചു ചോദിച്ചിട്ടുള്ള കാര്യമാണ് ആ സിനിമയ്ക്ക് ഒരു മൂന്നാം ഭാഗം ഉണ്ടാകുമോ എന്ന്. സംവിധായകൻ ജീത്തു ജോസഫ് അക്കാര്യം ആലോചനയിലുണ്ടെന്ന് പറഞ്ഞെങ്കിലും എപ്പോഴുണ്ടാകും എന്നതു സംബന്ധിച്ച് വ്യക്തമായ മറുപടികള്‍ തന്നിരുന്നില്ല.