മുനമ്പം ജൂഡീഷ്യൽ കമ്മീഷന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചെന്ന് ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ അറിയിച്ചു. കമ്മീഷന്റെ പ്രവർത്തനത്തെ ചോദ്യം ചെയ്തുള്ള ഹൈക്കോടതിയിലെ കേസ് തീർപ്പാക്കിയ ശേഷം മാത്രമായിരിക്കും തുടർനടപടികൾ ഉണ്ടാകുകയെന്നും കേസ് പെട്ടെന്ന് തീർപ്പാക്കിയാൽ റിപ്പോർട്ട് വേഗത്തിൽ സമർപ്പിക്കുമെന്നും ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ വ്യക്തമാക്കി കമ്മീഷന്റെ പ്രവർത്തനം നിയമപ്രകാരമാണ്. എൻക്വറി ആക്ട് പ്രകാരം തന്നെയാണ് കമ്മീഷൻ രൂപീകരിച്ചിട്ടുള്ളത്. ഈ അടുത്ത ദിവസമാണ് മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ടുള്ള പ്രധാനപ്പെട്ട രേഖ കിട്ടിയത്. സർക്കാരിന്റെ വശം സർക്കാർ പറയുമെന്നും തിങ്കളാഴ്ച എല്ലാ രേഖകളും കോടതിയിൽ സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വിഷയത്തിൽ സംസ്ഥാന സർക്കാർ അടിയന്തരമായി തീരുമാനം എടുക്കണമെന്നും കൃത്യമായ ഇടപെടൽ ഉണ്ടാകണമെന്നുമാണ് മുനമ്പം ഭൂ സംരക്ഷണ സമിതിയുടെ ആവശ്യം. ഫെബ്രുവരി മാസം അവസാനത്തോടെയാണ് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷന് നിർദ്ദേശം നൽകിയിരുന്നത്. എന്നാൽ ഇനി ഹൈക്കോടതി തീരുമാനത്തിനു ശേഷമായിരിക്കും മറ്റ് നടപടികൾ ഉണ്ടാകുക.