കല്പാത്തിയില്‍ തേര്‍ചക്രങ്ങളുരുണ്ടു തുടങ്ങി. ഒന്നാം തേരു ദിനമായ ഇന്നലെ വിശാലാക്ഷീ സമേത വിശ്വനാഥസ്വാമി, മക്കളായ മുരുകന്‍, ഗണപതി എന്നീ ദേവതകളാണ് രഥാരോഹണം ചെയ്ത് ഗ്രാമപ്രദക്ഷിണത്തിന് തുടക്കം കുറിച്ചത്.
രാവിലെ 11നും 12നുമിടയില്‍ കുണ്ടമ്പലത്തിനു മുന്നില്‍ അലങ്കരിച്ച തേരിലേക്ക് വിശാലാക്ഷീ സമേത വിശ്വനാഥ സ്വാമിയെ അവരോധിക്കുമ്പോള്‍ ആയിരങ്ങള്‍ ശിവസ്തുതി മുഴക്കി. തുടര്‍ന്ന് മറ്റുരണ്ടു രഥങ്ങളിലായി ഗണപതിയെയും മുരുകനെയും അവരോധിച്ചശേഷം രഥ പ്രയാണത്തിനു തുടക്കമായി.
വൈകിട്ട് അച്ചന്‍പടിയില്‍ നിലച്ച തേരുകള്‍ ഇന്ന് രാവിലെ പ്രയാണം തുടരും. രണ്ടാം ദിവസമായ ഇന്ന് മന്തക്കര മഹാഗണപതി രഥത്തിലേറി അച്ഛനായ ശിവന്റെ അടുത്തെത്തും. തുടര്‍ന്ന് വിശ്വനാഥ സ്വാമി മഹാഗണപതിയുമായി തിരിച്ച് പഴയകല്പാത്തിയിലെ ലക്ഷ്മി നാരായണ പെരുമാളിന്റെ അടുത്ത് എത്തുന്നു. മൂന്നാംദിനം ചാത്തപുരം പ്രസന്നഗണപതി, പഴയ കല്പാത്തി ലക്ഷ്മിനാരായണ പെരുമാള്‍ എന്നീ ദേവതകള്‍ രഥത്തിലേറി പ്രയാണം നടത്തും.
ഇന്ന് ലക്ഷ്മിനാരായണ പെരുമാള്‍ ക്ഷേത്രത്തില്‍ വിഘ്നേശ്വര പൂജാസങ്കല്‍പ്പം, കുതിരവാഹന അലങ്കാരം, കളഭാഭിഷേകം, രാത്രി എഴുന്നള്ളത്ത് എന്നിവയുണ്ടാകും. പ്രസന്നമഹാഗണപതി ക്ഷേത്രത്തില്‍ ഇന്ന് അശ്വവാഹനം എഴുന്നള്ളത്ത്, നാളെ രാവിലെ 10.30ന് രഥാരോഹണം, മന്തക്കര മഹാഗണപതി ക്ഷേത്രത്തില്‍ രാവിലെ രുദ്രാഭിഷേകം, വേദപാരായണ സമാപനം, 10നും 11നുമിടയില്‍ രഥാരോഹണം, രഥോത്സവ സദ്യ, വൈകിട്ട് നാലിന് തായമ്ബക തുടര്‍ന്ന് രഥപ്രയാണം എന്നിവ ഉണ്ടായിരിക്കും. മൂന്നാം ദിനമായ നാളെ സന്ധ്യക്കാണ് കുണ്ടമ്പലത്തിനു സമീപം പ്രപഞ്ചശക്തികളെ സാക്ഷി നിര്‍ത്തി ദേവരഥസംഗമം നടക്കുക.