കുറുമാറുമെന്ന ഭീതിയിൽ സിപിഎം കൂത്താട്ടുകുളം നഗരസഭയിലെ വനിതാ കൗൺസിലറെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ സിപിഎമ്മുമായി ഒരു തരത്തിലുള്ള നീക്കുപോക്കിനുമില്ലെന്ന് കൗൺസിലർ കലാരാജു. ആരോഗ്യ പ്രശനമുള്ളതു കൊണ്ട് മാത്രമാണ് താൻ രഹസ്യമൊഴി കൊടുക്കാൻ കോടതിയിലേക്ക് പോകാത്തതെന്നും ഉടൻ രഹസ്യമൊഴി കൊടുക്കാൻ തന്നെയാണ് തീരുമാനമെന്നും കലാരാജു പറഞ്ഞു.
കൂടുതൽ ദൃശ്യങ്ങൾ ഉണ്ടെങ്കിൽ സിപിഎം അവ പുറത്തു വിടട്ടെ എന്നും കലാരാജു പറഞ്ഞു. കൂത്താട്ടുകുളം നഗരസഭയിൽ നടന്നത് കുതിരക്കച്ചവടമാണെന്ന് സിപിഎം ആരോപിച്ചിരുന്നു. കോൺഗ്രസിനും മാത്യു കുഴൽനാടൻ എംഎൽഎയ്ക്കും ഡിസിസി പ്രസിഡൻ്റ് ഷിയാസിനുമെതിരെ രൂക്ഷമായ വിമർശനമാണ് സിപിഎം ജില്ലാ സെക്രട്ടറി സിഎൻ മോഹനനും ഏരിയാ സെക്രട്ടറി പിബി രതീഷും ഉന്നയിച്ചത്. കലാ രാജുവും മക്കളും യുഡിഎഫിൻ്റെയും കോൺഗ്രസിൻ്റെയും വലയിലാണെന്ന് സിഎൻ മോഹനനും കോൺഗ്രസ് പണം വാഗ്ദാനം ചെയ്തെന്ന് കലാ രാജു പറഞ്ഞതായി പിബി രതീഷും പറഞ്ഞു.കേസിൽ സിപിഎം ചെല്ലക്കപ്പടി ബ്രാഞ്ച് സെക്രട്ടറി അരുൺ വി.മോഹനെ പൊലീസ് കസ്റ്റഡിയിലെടുത്തഇരുന്നു.ദൃശ്യങ്ങൾ പരിശോധിച്ച് പിടികൂടിയതെന്നാണ് പൊലീസ് വിശദീകരിച്ചത്.
കൂത്താട്ടുകുളം നഗരസഭയിലെ സിപിഎം കൗൺസിലർ കലാ രാജുവിനെ കൂറുമാറുമെന്ന ഭീതിയിൽ സിപിഎം നേതാക്കൾ ചേർന്ന് തട്ടിക്കൊണ്ടുപോയെന്നാണ് കേസ്.തട്ടിക്കൊണ്ടുപോകല്‍, ദേഹോപദ്രവമേല്‍പ്പിക്കല്‍, അന്യായമായി തടഞ്ഞുവക്കല്‍, നിയമവിരുദ്ധമായി കൂട്ടം ചേരല്‍ തുടങ്ങി ഗുരുതര വകുപ്പുകൾ ചുമത്തിയാണ് സംഭവത്തിൽ കൂത്താട്ടുകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.